തൃശൂര്‍: ആലപ്പുഴ മുഹമ്മ കണ്ണര്‍കാട് കൃഷ്ണപിള്ള സ്മാരകം ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പ്രതികള്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബു (41), പ്രവര്‍ത്തകരായ ദീപു (35), പ്രമോദ് (36), രാജേഷ് രാജന് (35) എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂര്‍ ക്രൈം ബാഞ്ച് എസ്പി ആര്.കെ. ജയരാജന് മുന്നില്‍ കീഴടങ്ങിയത്.
വി എസ് ഗ്രൂപ്പുകാരനാണ് സാബു. ഇവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ഈ മാസം 15ന് മുമ്പായി കീഴടങ്ങണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് മുതല്‍ അഞ്ച് വരെ പ്രതികളാണ് ഇവര്‍.
ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് ബി. ചന്ദ്രന് നേരത്തെ കീഴടങ്ങിയിരുന്നു. അഞ്ചു പ്രതികളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പ്രതിപ്പട്ടികയുള്ളത്. 2013 ഒക്ടോബര്‍ 31 നാണ് കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കിയത്. തീ ആളിക്കത്തുന്നതു കണ്ട് ഓടിക്കൂടിയ നാട്ടുകാരുടെ മുന്‍നിരയില്‍തന്നെ പ്രതിയായ ദീപുവും ഉണ്ടായിരുന്നു. സ്മാരകത്തിനു സമീപത്താണ് ദീപു താമസിക്കുന്നത്.
കേസില്‍ പ്രതിയായതോടെ ലോക്കല്‍ സെക്രട്ടറിയായിരുന്ന സാബുവിനെയും പാര്‍ട്ടി അംഗമായിരുന്ന ദീപുവിനേയും സിപിഎം പുറത്താക്കുകയായിരുന്നു. കീഴടങ്ങാനെത്തിയ പ്രതികളെ കാണാന്‍ തൃശൂരിലെ ഏതാനും സിപിഎം നേതാക്കള്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ ഓഫീസില്‍ എത്തിയിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് തങ്ങളെ കുടുക്കിയതെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: