ഇടുക്കി: 102 അയ്യപ്പഭക്തര്‍ മരിക്കാനിടയായ പുല്ലുമേട് ദുരന്തം നടന്നിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അപകട സ്ഥലത്തു നിന്നും കിട്ടയ ബൈക്ക് ഇന്നും ദുരൂഹമാണ്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും പുല്ലുമേട് ദുരന്ത സ്ഥലത്ത് മറിഞ്ഞ നിലയില്‍കണ്ടെത്തിയ ബൈക്കിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ദുരൂഹതവിട്ടൊഴിയാതെ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ തുരുമ്പെടുത്ത് ബൈക്ക് ഇരിപ്പുണ്ട്.
ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസിനും പറ്റിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് കോട്ടയം ക്രൈംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹരിഹരന്‍നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ടായിരുന്നു.
എന്നാല്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പുല്ലുമേട്ടില്‍ 21 പോലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നതയായ ഒരു ഐ.പി.എസ് ഓഫീസര്‍ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പുല്ലുമേട്ടില്‍ നൂറിലധികം പോലീസുകാര്‍ ഡ്യൂട്ടിക്കുണ്ടായിരുന്നുവെന്ന കളവാണ് പറഞ്ഞിരുന്നത്.
സത്യന്ധമായി ക്രൈംബ്രാഞ്ച് നടത്തിവന്ന അന്വേഷണം അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ഇടപെട്ട് അട്ടിമറിച്ചു വെന്ന ആക്ഷേപം ഇന്നും നിലനില്‍ക്കുകയാണ്. ദുരന്തത്തിന് ശേഷം കട്ടപ്പന ഡിവൈ.എസ്.പി ഓഫീസില്‍ വച്ച് പോലീസുകാരുടെ ഡ്യൂട്ടി സംബന്ധിച്ച് കൃത്രിമ രേഖയുണ്ടാക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് നല്കിയ ഡ്യൂട്ടി റിപ്പോര്‍ട്ട് തട്ടിക്കൂട്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. എ.ആര്‍ക്യാമ്പില്‍ നിന്നും എത്തിയ പോലീസുകാര്‍ തങ്ങള്‍ പുല്ലുമേട്ടില്‍ ഡ്യൂട്ടിക്കില്ലായിരുന്നെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തടയിടാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നിരുന്നു. പുല്ലുമേട്ടില്‍ മറിഞ്ഞ നിലയില്‍ കണ്ടെത്തിയ ബൈക്ക്് കണ്ണന് എന്നയാളുടെ പേരിലുള്ളതായിരുന്നു. ഇയാളെ തേടി ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ മഹീന്ദ്ര ഫൈനാന്‍സുകാര്‍ സി.സി കുടിശിഖ വരുത്തിയതിന് പിടികൂടിയ ബൈക്കാണിതെന്ന് വ്യക്തമായി. എന്നാല്‍ ഈ ബൈക്ക് ആരാണ് ലേലത്തിലെടുത്തതെന്ന് ഫൈനാന്‍സ് ഉടമകള്‍ പറയാന്‍ തയ്യാറായില്ല. തേനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരിലുള്ള ഡി.ഡി നല്‍കിയാണ് ബൈക്ക് ലേലത്തില്‍ വാങ്ങിയയാള്‍ പണം അടച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ക്രൈംബ്രാഞ്ച് സംഘം നിര്‍ബന്ധിതമായി.
പുല്ലുമേട് ദുരന്തം
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലുമേട്ടില്‍ 2011 ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് പുല്ലുമേട് ദുരന്തം. ശബരിമല പുല്ലുമേട്ടില്‍ മകരജ്യോതി കണ്ട് മടങ്ങിയ തീര്‍ത്ഥാടകര്‍ , വള്ളക്കടവ് ഉപ്പുപാറയില്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരണത്തിനിരയായത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസുകാരെ ആ സമയം അവിടെയുണ്ടായിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: