ശബരിമല: ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് സ്ഥാനകാര്യത്തില് അനിശ്ചിതത്വം തുടരുമ്പോഴും അംഗങ്ങളുടെ എണ്ണം സംബന്ധിച്ച് തീരുമാനമായി. ചെയര്മാന് ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണ് ഉണ്ടാകുക.
പരിപൂര്ണ്ണന് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി എസ് സി മാതൃകയില്‍ ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ബോര്‍ഡ് രൂപീകരണത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുംമുമ്പ് ബോര്‍ഡ് രൂപീകരിക്കാനാണ് ആലോചന.
മലബാര്‍, തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍കൂടി നടത്തുന്നതിനായിട്ടാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് സുതാര്യത ഉറപ്പുവരുത്തകയെന്നതാണ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ലക്ഷ്യം. എന്നാല്‍ ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയെങ്കിലും ആരെ ചെയര്‍മാനായി നിയമിക്കണമെന്നതില്‍ ഇതുവരെ തീരുമാനമായില്ല.
എന്‍ എസ് എസും കോണ്‍ഗ്രസും തമ്മില്‍ അടുത്തകാലത്തുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനം എന്‍ എസ് എസി ന് നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താത്പര്യമുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെ മറികടക്കാന്‍ മുഖ്യന് വളരെയേറെ കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: