2014ലെ സിനിമാ വിചാരങ്ങളിലെ ബാക്കി പത്രം 153 ചിത്രങ്ങളില്‍ വിജയിച്ചത് കൈയില്‍ എണ്ണാവുന്ന പത്തെണ്ണം മാത്രമെന്ന ദുര്യോഗം. വര്‍ഷങ്ങളായി മലയാള സിനിമ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തമാണിത്.
നിര്‍മാതാക്കളുടെ പോക്കറ്റ് കീറിയും തറവാട് കുളവുമാകുന്ന ഇത്തരം ഏര്‍പ്പാടില്‍ സിനിമാ താരങ്ങള്‍ക്കോ സംവിധായകര്‍ ഉള്പ്പടെയുള്ളവര്ക്കോ ഒട്ടും തന്നെ നഷ്ടമില്ല. കാശും പേരും പ്രശസ്തിയും വാനോളം ലഭിക്കുന്നു. നിര്‍മാതാവ് ജീവിതത്തില്‍ ഒരിക്കലും സിനിമ എടുക്കില്ലെന്ന് മാത്രമല്ല ഒരു പക്ഷേ അയാള്‍ക്ക് ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്ന് വരാം.
കാശുള്ളവന് വിഡ്ഡിയാണെന്ന മലയാളിക്കുള്ള തോന്നല്‍ സിനിമയില്‍ ഗുരുതരമാണ്. നിര്‍മാതാവിന്റെ ചെലവില്‍ മലമൂത്ര വിസര്‍ജനം നടത്തുന്ന സിനിമാക്കാര്ക്കാവട്ടെ ഉത്തരവാദിത്തവും ധാര്‍മികതയും അപൂര്‍വവും. ഇത്തരം സമര്പ്പണമില്ലായ്മയാണ് നിര്‍മാതാവിന്റെ പോക്കറ്റ് അടിച്ചു മാറ്റുന്ന സിനിമകള്‍ ഉണ്ടാകാന്‍ കാരണം.
ന്യൂ ജനറേഷന്റെ പേരില്‍ കഥയും വിധിയുമില്ലാത്ത വഴിപോക്കരൊക്കെ സിനിമ എടുത്തതോടുകൂടി ഈ രംഗം കൂടുതല്‍ വഷളായി. പ്രത്യേകിച്ച് ആരോടും വലിയ കടപ്പാടൊന്നുമില്ലാത്ത ഈ ജനറേഷന് സിനിമയോട് കാട്ടിയതും ഇത്തരം അകല്‍ച്ച തന്നെ. അതിന്റെ ഫലം അനുഭവിക്കുന്നതാവട്ടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ അഭിമാനപൂര്‍വം ജീവിക്കുന്ന സിനിമാ രംഗത്തെ ദാരിദ്ര്യവും. സാറ്റലൈറ്റ് റേറ്റിങ് എന്ന പേരില്‍ ഇന്ദ്രജാലത്തിലൂടെ രംഗം പരിചയമില്ലാത്ത നിര്‍മാതാക്കളെ കുപ്പിയിലാക്കിയാണ് ഇത്തരം ന്യൂജന്‍ സിനിമകള്‍ പടച്ചു വിടുന്നത്. അങ്ങനെ ന്യൂജന്‍ സിനിമകളുടെ ശവമടക്കം മൊത്തം മലയാള സിനിമയുടേകൂടി ആസന്നമരണാവസ്ഥയാകുന്നത് തടയേണ്ടതുണ്ട്. സിനിമയെ ജീവനും ആത്മാവുമായി സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഇതിനെതിരെ മാനസികമായെങ്കിലും പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ സിനിമയെന്ന കൂട്ടായ്മ നിലനില്ക്കണമെങ്കില് അത് കച്ചവടവത്ക്കരിക്കപ്പെടേണ്ടതു കൂടിയുണ്ട്. സിനിമ ഒരു കലമാത്രമല്ല കച്ചവടം സാധ്യമാകുന്ന കല കൂടിയാണ്. നല്ല നിലയില്‍ വിറ്റുപോയില്ലെങ്കിലും സിനിമ പടച്ചവന് നഷ്ടം വരാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സിനിമാക്കാര് പുലര്‍ത്തിയാലെ മലയാള സിനിമ രക്ഷപ്പെടൂ.
ഓംശാന്തി ഓശാന, 1983, ബാംഗ്ലൂര്‍ ഡേയ്സ്, വെള്ളിമൂങ്ങ തുടങ്ങിയവ വിജയിച്ച ചിത്രങ്ങളില്‍ പണം വാരിയ പടങ്ങളാണ്. ബാക്കിയുള്ളവ കൈപൊള്ളാതെ രക്ഷപ്പെട്ടുവെന്ന് മാത്രം. മലയാള സിനിമയിലെ ഇത്തരം പ്രവര്‍ത്തനം ആശാസ്യമല്ല. കൃത്യമായ പ്ലാനിങ്ങോടുകൂടി ചെയ്യേണ്ട സത്കര്‍മ്മം തന്നെയാണ് സിനിമയും. ഈയിടെ അന്തരിച്ച ടി.ഇ വാസുദേവനെപ്പോലുള്ള നിര്‍മാതാക്കളിലെ കുലപതിമാര്‍ ലോ ബജറ്റില്‍ ധനധൂര്ത്തില്ലാതെ വമ്പന്‍ ഹിറ്റ് സൃഷ്ടിച്ചവരാണ്. ടി.ഇയുടെ ജയമാരുതി മലയാള സിനിമാരംഗത്തെ വമ്പന്‍ ഹിറ്റുകളുടെ ബാനറാണ്. പഴയ ചരിത്രം പറഞ്ഞ് പുതിയ സിനിമയെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നവര്‍ നേരത്തേ പറഞ്ഞ നിര്‍മാതാക്കളുടെ പോക്കറ്റ് കീറുന്നവര്‍ മാത്രമാണ്. ഇത്തിരി ഹാസ്യം, ഇത്തിരി ഗൗരവം, ഇത്തിരി പ്രണയം തുടങ്ങിയ ഇത്തിരികള്‍ കൊണ്ട് സിനിമ നിര്‍മിക്കാമെന്ന വ്യാമോഹത്തിലാണ് പലരും. ചിലരാകട്ടെ നാലാംതരം വളിച്ച ഹാസ്യമാണ് സിനിമാ പേരില്‍ പുറത്തിറക്കുന്നത്. ചടുലമായ തിരക്കഥയോ ലൊക്കോഷന്‍ പ്ലാനിങോ ബജറ്റ് കൃത്യതയോ ഇല്ലാതെ ആരുടേയെങ്കിലും ഡേറ്റ് വച്ച് ഷൂട്ടിങ്ങിന് ചാടിയിറങ്ങുമ്പോള്‍ ഇനിയുമൊരു സിനിമ കിട്ടണമെന്ന ബോധം അത്തരക്കാര്ക്കുണ്ടായേ പറ്റൂ. ആര്‍ക്കെന്ത് നഷ്ടം വന്നാലും വീണ്ടും സിനിമ കിട്ടുകയും റേറ്റ് കൂട്ടാന്‍ മടിയില്ലാതെ പേരും പെരുമയും ആഡംബരമാക്കി കൊണ്ടുനടക്കുന്നവരാണ് താരങ്ങള്‍. സിനിമകൊണ്ട് ആര് മുടിഞ്ഞാലും താരങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല. സിനിമ വിജയിക്കുമ്പോള്‍ അത് താരങ്ങളുടെ വിജയമാണെന്ന് കൊണ്ടാടുകയും പരാജയപ്പെടുമ്പോള്‍ മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നമ്മുടെ നാട്ടിലെ താരങ്ങളുടേതെന്ന് പറയാതെ വയ്യ. പ്രേംനസീറിനെ പോലെയുള്ള മലയാള സിനിമയിലെ എക്കാലത്തെയും സഹൃദയന് ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. തന്റെ ഒരു സിനിമ കൊണ്ട് നിര്‍മാതാവിന് നഷ്ടം വന്നാല്‍ അയാളോടൊപ്പം നിര്‍വ്യാജം ദുഃഖിക്കുകയും അടുത്ത ഒരു പ്രോജക്ട് കൊണ്ട് അയാളെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന നിലപാടായിരുന്നു നസീറിന്റേത്. മലയാള സിനിമയിലെ എക്കാലത്തെയും മനുഷ്യനായിരുന്നു അദ്ദേഹം. അത്തരം ധാര്‍മികതയുള്ള ആരെങ്കിലും ഇന്ന് നമ്മുടെ താരങ്ങള്ക്കിടയിലുണ്ടെന്ന് തോന്നുന്നില്ല.
സിനിമാക്കാരും നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകള്‍ എന്നു വേണ്ട ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരും തന്നെ അവരവരുടെ സുരക്ഷയ്ക്ക് വേണ്ടി ഓരോ സംഘടനകള്‍ ഉണ്ടാക്കി പരസ്പരം പയറ്റുന്നതും മലയാള സിനിമയുടെ നിലനില്‍പ്പിന് വെല്ലുവിളിയാണ്. ഇത്തരം പോരാട്ടം കൊണ്ട് പ്രതീക്ഷയുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെ പെട്ടിയിലുണ്ട്. തിയേറ്ററില്‍ ഓടാത്ത ചിത്രങ്ങളെ മാര്‍ക്കറ്റ് ചെയ്യേണ്ടതില്ലെന്ന ചാനലുകളുടെ തീരുമാനങ്ങളും പ്രശ്നമാണ്. ജനം കാണാത്ത സിനിമ ടിവിക്കെന്തിനെന്ന് ചോദ്യവും പ്രസക്തം. തിയേറ്ററില്‍ സിനിമ കണ്ടില്ലെങ്കിലും ടി.വിയില്‍ കണ്ടോളുമെന്ന് ഒരു വമ്പന്‍ സംവിധായകന് വീമ്പിളക്കിയത് മറക്കാറായിട്ടില്ല. പക്ഷേ എട്ടു നിലയില്‍ പൊട്ടിയ ഈ ചിത്രം ഏറ്റവും വലിയ വിലയ്ക്കാണ് ചാനല്‍ വാങ്ങിയതെന്നത് മറ്റൊരു കാര്യം. സിനിമ കാണാനുള്ളതാണോ ചാനല്‍ എന്ന ചോദ്യവും കൂടി ഇവിടെ പ്രസക്തമാണ്. നല്ല കൂട്ടായ്മയിലൂടെ നല്ല സിനിമകള്‍ സൃഷ്ടിക്കേണ്ടത് ഈ രംഗത്തുള്ളവരുടെ മാത്രം കാര്യമല്ല. മലയാളത്തിന്റെ തന്നെ കാര്യമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: