മട്ടാഞ്ചേരി: വിനോദസഞ്ചാര മേഖലയിലും സഞ്ചാരികള്‍ക്കും ഗുണകരമാകുന്ന ഫോര്ട്ടുകൊച്ചിയില്നിന്നുള്ള ദീര്‍ഘദൂര ബസ്സ്സര്‍വീസ് അനിശ്ചിതത്വത്തിലാകുന്നു. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് മൂന്നാര്‍, കുമരകം, കോവളം എന്നിവിടങ്ങളിലേക്കാണ് കെഎസ്ആര്‍ടിസിയുടെ ടൂറിസം ബസ് സര്വീസ്നടത്തുവാന് പദ്ധതിയിട്ടത്. അതിരാവിലെ തുടങ്ങേണ്ട ബസ്സര്വീസുകള്ക്കായും തൊഴിലാളികള്‍ക്കുമായി സൗകര്യമൊരുക്കുന്നതില്‍ കൊച്ചിന് കോര്പ്പറേഷന് തികഞ്ഞ അലംഭാവമാണ് പ്രകടമാക്കുന്നത്.
കോര്‍പ്പറേഷന്റെ വകയായുള്ള ഫോര്‍ട്ടുകൊച്ചിയിലെ കെട്ടിടത്തില്‍ തൊഴിലാളി വിശ്രമസൗകര്യവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി മുറിയും ലഭ്യമാക്കണമെന്ന് ഗതാഗത-ടൂറിസം മേഖലയിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിന് കോര്പ്പറേഷന് അധികൃതര്‍ സംവിധാനമൊരുക്കുന്നതിലോ മുറികള്‍ അനുവദിക്കുന്നതിലും അവഗണനയും അലംഭാവവും തുടരുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ആലുവ, അങ്കമാലി മേഖലയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങിയിരുന്നു. മതിയായ സൗകര്യമില്ലാത്തതുമൂലം ഇത് നിര്‍ത്തലാക്കുകയാണ് ചെയ്തത്.
ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് അതിരാവിലെയും രാത്രിയും നടത്തുന്ന ബസ്സര്‍വീസുകള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെങ്കിലും സ്വകാര്യബസ് ലോബികളുടെ സമ്മര്‍ദ്ദമാണ് കോര്‍പ്പറേഷന്റെ അലംഭാവത്തിന് പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു.
ഫോര്‍ട്ടുകൊച്ചി-മൂന്നാര്‍-കുമരകം ബസ്സര്വീസുകള്ക്കായി അനുമതി ലഭിച്ചിട്ടും ഇത് തുടങ്ങുവാന്‍ വൈകുന്നതിനെതിരെ ജനകീയപ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ സാമൂഹ്യ-റസിഡന്റ്സ് സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: