കൊച്ചി: ഈ വര്‍ഷത്തെ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡിന്റെ റീജ്യണല്‍ യോഗ്യതാ പരീക്ഷയില്‍ മിടുക്കുതെളിയിച്ചു വിദ്യാര്‍ത്ഥികള്‍ മുന്നിലെത്തിയപ്പോള്‍ മികവില്‍ തിളങ്ങുന്നത് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍.
ഒമ്പതുമുതല്‍ പതിനൊന്നാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്കുള്ള ആഗോള മത്സരമാണ് ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡ്. ഇതിന്റെ റീജ്യണല്‍ മത്സരം കേരളത്തിലായിരുന്നു. 12 സെന്ററുകളില്‍ നടന്ന മത്സരത്തില്‍ ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തതില്‍ തുടര്‍മത്സരങ്ങള്‍ക്കു തിരഞ്ഞെടുക്കപ്പെട്ടത് 36 വിദ്യാര്‍ത്ഥികളാണ്. അവരില്‍ 12 പേര് സരസ്വതി വിദ്യാനികേതനില്‍ നിന്നാണ്. ആദ്യത്തെ മൂന്നു റാങ്കു നേടിയതും ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
കേന്ദ്ര സര്‍ക്കാരിന്റെ അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ടുമെന്റും നാഷണല്‍ ബോര്‍ഡ് ഫോര്‍ മാത്തമാറ്റിക്സും ചേര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റി വഴി നടത്തിയ പരീക്ഷയില്‍ അരവിന്ദ് രവികുമാറിനാണ് ഒന്നാം റാങ്ക്. സരസ്വതി വിദ്യാനികേതനിലെ തന്നെ ജോര്‍ജ്ജി ജോസഫ് ബോബി രണ്ടാം റാങ്കും വിനു ശങ്കര്‍ മൂന്നാം റാങ്കും നേടി. ഇതാദ്യമായാണ് ഈ മത്സര പരീക്ഷയില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ ഒരു സ്കൂളില്‍ നിന്ന് വിജയിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടവര്‍ ഫെബ്രുവരി ഒന്നിനു നടക്കുന്ന ദേശീയ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡില്‍ പങ്കെടുക്കും. അവിടെ വിജയിക്കുന്നവര്‍ക്കുള്ള ആഗോള മത്സരം തായ്ലന്റില്വെച്ച് ഈ വര്‍ഷം ജൂലായിലാണ്.
റീജ്യണല്‍ വിജയികള്‍ കുസാറ്റ് കാമ്പസില്‍ ജനുവരി 31-ന് നടക്കുന്ന റീജ്യണല്‍ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡ് സില്‍വര്‍ ജൂബിലി റീ യൂണിയനില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: