കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ മിഷണറിമാരുടെ വ്യാപക മതപരിവര്‍ത്തനത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത് സ്വാമി വിവേകാനന്ദന്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച സ്വാമി വിവേകാനന്ദനും കേരളവും എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തെ ഭ്രാന്താലയം എന്ന് സ്വാമിജി വിശേഷിപ്പിച്ചപ്പോള്‍ ജാതി വൈകൃതം മാത്രമല്ല അത് മുതലെടുത്ത് മിഷണറിമാര്‍ നടത്തുന്ന വ്യാപക മതപരിവര്‍ത്തനത്തേയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയായിരുന്നു. ഖത്രിയിലെ പണ്ഡിറ്റ് ശങ്കര്‍ലാലിന് 1892 സപ്തംബര്‍ 20 ന് എഴുതിയ കത്തില്‍ വിവേകാനന്ദ സ്വാമികള്‍ ചൂണ്ടിക്കാണിക്കുന്നു.
Come and see what the padrees( christian missionaries) are doing in dhakshin (south). They are converting by lakhs the lower classes of Travancore-the most priest ridden country -in India.Nearly one- fourth of the population has become christians.( complete works of Swami Vivekananda vol-v, p.5).
ചെന്നൈയിലെ ട്രിപഌക്കന് ലിറ്റററി സൊസൈറ്റിയില്‍ വച്ചു ചെയ്ത ഭാരതത്തിന്റെ ഭാവി എന്ന പ്രസംഗത്തിലാണ് ജാതി വ്യവസ്ഥയേയും വ്യാപകമായ മത പരിവര്‍ത്തനത്തേയും വിമര്‍ശിച്ച് ‘ ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും.’ എന്ന് സ്വാമിജി പറഞ്ഞത്.
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം ഭാഗം -മൂന്ന്, പുറം 186). മലബാര്‍ എന്നതുകൊണ്ട് സ്വാമിജി ഉദ്ദേശിച്ചത് കേരളത്തെയാണ്. കൊച്ചിയിലൂടെയും തിരുവിതാംകൂറിലൂടെയും യാത്ര ചെയ്ത അനുഭവത്തില്‍ നിന്നാണ് സ്വാമിജി ഇത് പറഞ്ഞത്. അക്കാലത്തെ കേരളത്തിന്റെ ചരിത്ര പശ്ചാത്തലം അറിയാവുന്നവര്‍ ആരും തന്നെ ഈ പരാമര്‍ശത്തില്‍ അതൃപ്തിയോ അമര്‍ഷമോ പ്രതിഷേധമോ രേഖപ്പെടുത്തിയിട്ടില്ല.
സംഘടിത മത പരിവര്‍ത്തനത്തിനെതിരെ കേരളത്തില്‍ ആദ്യ പ്രതികരണമുണ്ടാകുന്നതും ആദ്യ പരാവര്‍ത്തനം നടക്കുന്നതും വിവേകാനന്ദ സ്വാമികള്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷന്റെ നേതൃത്വത്തിലായിരുന്നു. 1919 ല്‍ പുറത്തിറങ്ങിയ പ്രബുദ്ധ കേരളം വാല്യം -4 ലക്കം -7 ഇതേക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു.
‘ നിര്‍മ്മലാനന്ദ സ്വാമികള്‍ കൊല്ലത്ത് വരുമ്പോള്‍ പണ്ഡിത വരേണ്യനായ ഹെഡ്മാസ്റ്റര് കെ.പരമുപിള്ളയുടെ ഭവനത്തിലാണ് താമസിച്ചിരുന്നത്. അന്നത്തെ അപൂര്‍വ്വം ബിരുദധാരികളിലൊരാളായിരുന്നു അദ്ദേഹം.
മതം മാറ്റത്തിന് ഇരയായിത്തീര്‍ന്ന ജോണ്‍ ശങ്കരവാര്യരെ കൊല്ലത്തെ പ്രബുദ്ധ കേരളം ഓഫീസില്‍ വച്ച് ശങ്കരവാര്യരാക്കി പുന:പരിവര്‍ത്തനം ചെയ്യുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ വെങ്കിട സുബ്രഹ്മണ്യഅയ്യര്‍, പി.കൃഷ്ണന് നമ്പ്യാതിരി തുടങ്ങിയവര്‍ പൂജ,ഹോമം തുടങ്ങിയവ നിര്‍വ്വഹിച്ചു. പ്രബുദ്ധ കേരളം പത്രാധിപരായ എന്‍.ശങ്കരന് പണ്ടാല പുന:സ്വീകരണം എന്ന വിഷയത്തെക്കുറിച്ച് സാരഗര്‍ഭമായ ഒരു പ്രസംഗവും ചെയ്യുകയുണ്ടായി. ‘(പ്ര കേ1919 വാല്യം -4 ലക്കം -7)
ആഗമാനന്ദ സ്വാമികള്‍ ഇതേക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു. ‘ ഇതര മതങ്ങളിലേക്ക് പോയവരെ തിരിച്ചെടുക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്ന് പഠിപ്പിച്ച ശ്രീ വിവേകാനന്ദ സ്വാമികളുടെ അനുയായിയായശ്രീമദ് നിര്‍മ്മലാനന്ദ സ്വാമികളാണ് കേരളത്തില്‍ ആദ്യമായി ജോണ്‍ ശങ്കരവാര്യരെ അനേക ശതം പേര് നിറഞ്ഞ സദസ്സില്‍ വച്ച് ശുദ്ധി ചെയ്യിച്ച് ക്ഷേത്രത്തില്‍ കടത്തി ആരാധന നടത്തിച്ചത്.’ (തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം രജത ജൂബിലിപ്പതിപ്പ്, 1955 പുറം 103-104).
രാജീവ് ഇരിങ്ങാലക്കുട തയ്യാറാക്കിയ പുസ്തകം 2012 ലാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചത്. സ്വാമി വിവേകാനന്ദന് യാത്ര ചെയ്ത സ്ഥലങ്ങളിലൂടെ -പാലക്കാട്- കന്യാകുമാരി – 120 വര്‍ഷങ്ങള്‍ക്കു ശേഷം യാത്രചെയ്താണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: