ആലപ്പുഴ: കുട്ടനാട്ടില്‍ വൈകി പുഞ്ചക്കൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍ ഇലപ്പേനിന്റെ ആക്രമണം നേരിടുന്ന കര്‍ഷകര്‍ക്ക് പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കാം. പേനുകള്‍ കൂട്ടമായി ഇലയില്‍ നിന്ന് നീരൂറ്റുന്നതിന്റെ ഫലമായി ഇലത്തുമ്പു വെളുത്ത് ക്രമേണ ഇലകള്‍ ചുരുണ്ട് സൂചി പോലെയാകുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ വളര്‍ച്ച മുരടിക്കുകയും താഴത്തെ ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോവുകയും ചെയ്യുന്നു.
വെള്ളം കയറ്റി മുക്കാന്‍ സാധിക്കുന്ന പാടശേഖരങ്ങളില്‍ 24 മണിക്കൂര്‍ ഇലത്തുമ്പ് മുങ്ങത്തക്ക വിധത്തില്‍ വെള്ളം കയറ്റി നിര്‍ത്തിയാല്‍ ആക്രമണം നിയന്ത്രണ വിധേയമാവും. വെള്ളം കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു ചുവട്ടില്‍ മൂന്നു സൂചി ഇലകളോ, അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ രാസനിയന്ത്രണം ആവശ്യമായി വരും. ഇതിനായി ഇമിഡാക്ലോപ്രിഡ് അടങ്ങിയ കീടനാശിനികള്‍ ഇനി പറയുന്ന അളവില്‍ തളിയ്ക്കാം.
ഇമിഡാക്ലോപിഡ് 17 ശതമാനം വീര്യമുള്ളത് ഏക്കറിന് 60 മില്ലി, അല്ലെങ്കില്‍ 30 ശതമാനം വീര്യമുള്ളത് ഏക്കറിന് 35 മില്ലി, അഥവാ 70 ശതമാനം വീര്യമുള്ളത് ഏക്കറിന് 15 മില്ലി ഉപയോഗിച്ച് കീടത്തെ നിയന്ത്രിക്കാവുന്നതാണെന്ന് മങ്കൊമ്പ് കീടനിയന്ത്രണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: