ആലപ്പുഴ: ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന വനിതകള്‍ക്കായി ജില്ലയില്‍ പുനരധിവാസകേന്ദ്രം ആരംഭിക്കുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍. അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനത്തിന് ഇരയാകുന്ന വനിതകള്‍ക്ക് കൗണ്‍സിലിങ്ങും ആഹാരവും വസ്ത്രവും താല്‍ക്കാലിക താമസവും നിയമസഹായവും തൊഴില്‍പരിശീലനവും നല്‍കുന്നതിന് സാമൂഹികക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് പുനരധിവാസ കേന്ദ്രം ആരംഭിക്കുക. കായംകുളത്തുള്ള ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയാണ് പുനരധിവാസകേന്ദ്രം ഒരുക്കുക.
ഗാര്‍ഹിക പീഡനത്തിന്റെ 20 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും കോള്‍ ഫ്രീ നമ്പര്‍ പോലുള്ള സേവനങ്ങള്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്നും കളക്ടര്‍ പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം ഉണ്ടായിട്ടുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം പരാതിപ്പെടാന്‍ തയ്യാറാകുന്നതായും യോഗം വിലയിരുത്തി.
ജില്ലയില്‍ 2013-14 വര്‍ഷം 181 ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ഏപ്രില്‍ തൊട്ട് ഡിസംബര്‍ വരെ 188 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് 61 ശതമാനവും മദ്യമാണ് കാരണം. വിവാഹേതരബന്ധം മൂലം 16 ശതമാനവും മൊബൈല്‍ ഫോണ്‍വഴി 15 ശതമാനവും ഗാര്‍ഹിക അതിക്രമങ്ങള്‍ ഉണ്ടാകുന്നതായി യോഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: