പറവൂര്‍: ജില്ലയിലെ തീരപ്രദേശങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ചെമ്മീന്‍ രോഗം വ്യാപിക്കുന്നു. ഇതുമൂലം കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. പറവൂര്‍, വൈപ്പിന്കരയിലെ അയ്യമ്പിള്ളി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ പ്രദേശങ്ങളിലെ ഭൂരിഭാഗം ചെമ്മീന്‍കെട്ടുകളിലും രോഗം ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.
എന്നാല്‍ മത്സ്യസമൃദ്ധി പദ്ധതിപ്രകാരം ഫിഷറീസ് വകുപ്പ് ഓരോ വര്‍ഷവും ചെമ്മീന്‍കൃഷിയെ ഇന്‍ഷുര്‍ ചെയ്യുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രീമിയം ഇനത്തില്‍ നല്‍കുന്നത്.
2012-13, 2013-14 വര്‍ഷത്തില്‍ ജില്ലയില്‍ മാത്രം ചെമ്മീന്കര്ഷകരെ ഇന്‍ഷുര്‍ ചെയ്യുന്നതിന് ജില്ലാ ഫെഡ വഴി 34 ലക്ഷം രൂപയാണ് ഒാറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രീമിയം ഇനത്തില്‍ അടച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് വര്‍ഷങ്ങളിലും ജില്ലയിലെ ചെമ്മീന്‍ കെട്ടുകളില്‍ രോഗബാധയുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടും ഒരു കര്‍ഷകനുപോലും ഇന്‍ഷുറന്‍സ് സഹായം ലഭിച്ചിട്ടില്ല.
ജില്ലയിലെ ഫെഡ വഴിയാണ് മത്സ്യസമൃദ്ധി പദ്ധതി നടപ്പാക്കിവരുന്നത്. ഫിഷ്ഫാര്മേഴ്സ് ഡെവലപ്മെന്റ് ഏജന്‍സികള്‍ വഴി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ എക്സി. ഡയറക്ടറും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സിഇഒയുമായ ഒരു മാനേജിംഗ് കമ്മറ്റിയാണ് ഫെഡയുടെ ചുമതല വഹിക്കുന്നത്.
ഗുണമേന്മയുള്ള ചെമ്മീന്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതും ചെമ്മീന്‍കൃഷി ഇന്‍ഷുര്‍ ചെയ്യുന്നതും തുടങ്ങി ചെമ്മീന്‍കൃഷിയുടെ സമഗ്ര വികസനമാണ് ഫെഡയുടെ ലക്ഷ്യം. എന്നാല്‍ ചെമ്മീന്‍കൃഷിയില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും ഈ മാനേജിംഗ് കമ്മറ്റി കൂടുകയോ വേണ്ടവിധത്തില്‍ ഇടപെടുകയോ ചെയ്യുന്നില്ല എന്നൊരു പരാതി ഉയര്‍ന്നിട്ടുണ്ട്.
ഫെഡ മാനേജിംഗ് കമ്മറ്റി ഉടന്‍ വിളിച്ചുകൂട്ടി ചെമ്മീന്‍കൃഷിയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നും ചെമ്മീന്‍ രോഗബാധമൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ചെമ്മീന്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേരള അക്വാഫാര്‍മേഴ്സ് എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: