ആലപ്പുഴ: ബഹിരാകാശ ഗവേഷണരംഗത്ത് ഭാരതത്തിന്റെ അഭിമാനമായി മാറിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉള്‍പ്പടെയുള്ള ആറു ശാസ്ത്രജ്ഞര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ജില്ലയില്‍ നടക്കുന്ന 27-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായാണ് മലയാളികളായ ശാസ്ത്ര പ്രതിഭകളെ ആദരിച്ചത്.
അഗ്നി പ്രോജക്ട് ഡയറക്ടര്‍ ഡോ. ടെസി തോമസ്, മംഗള്യാന് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിഎസ്എസ്സി അസോസിയേറ്റ് ഡയറക്ടര്‍ എസ്. സോമനാഥ്, പിഎസ്എല്‍വി പ്രോജക്ട് ഡയറക്ടര്‍ പി. കുഞ്ഞിക്കൃഷ്ണന്, പിഎസ്എല്‍വി അസി. പ്രോജക്ട് ഡയറക്ടര്‍മാരായ ബി. ജയകുമാര്‍, ആര്. ഹട്ടണ് എന്നിവരെയാണ് മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചത്.
മംഗള്‍യാന്റെ വിജയം നമ്മുടെ ശാസ്ത്രലോകത്ത് സൃഷ്ടിച്ച ആഭിമാനബോധവും ആത്മവിശ്വാസവും വലുതാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മംഗള്‍യാന്റെ വിജയശില്പിയുമായ കെ. രാധാകൃഷ്ണന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സ്വപ്നം കാണുന്നതെന്തും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന തലത്തിലേക്ക് ശാസ്ത്രലോകം വളര്‍ന്നതായി ചടങ്ങില്‍ സംസാരിച്ച ഡോ. ടെസി തോമസ് പറഞ്ഞു. കെ.സി.വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു. കളക്ടര്‍ എന്‍ .പത്മകുമാര്‍ സ്വാഗതം പറഞ്ഞു. അമേരിക്കയില്‍ നടന്ന യു.എന്‍. മോഡല്‍ അസംബ്ലിയില്‍ മികച്ച പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അമീന റെഫീഖിനെ ഡോ. കെ. രാധാകൃഷ്ണന് പൊന്നാടയണിയിച്ച് അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: