ആലപ്പുഴ: യാത്രക്കാരായ സ്ത്രീകളെയും പിഞ്ചുകുഞ്ഞിനെയും കുട്ടികളെയും ദ്രോഹിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെ ക്രൂര വിനോദം. ശനിയാഴ്ച വൈകിട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെമ്പോലി കിഴക്കു വീട്ടില്‍ സുനിമോള്‍, സഹോദരി ബിന്ദു, ഇവരുടെ രണ്ടു കുട്ടികള്‍ക്കും കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്.
ശിശുക്ഷേമ സമിതി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷം കായംകുളത്തേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍. 6.25നുള്ള ജനശതാബ്ദിയില്‍ യാത്ര ചെയ്യുന്നതിന് 45 രൂപ വീതമുള്ള നാലു ടിക്കറ്റുകള്‍ ഇവരെടുത്തു. തീവണ്ടിയില്‍ കയറിയ ഇവരെ ഈ വണ്ടിയിലല്ല യാത്ര ചെയ്യേണ്ടതെന്നു പറഞ്ഞ് ടിടിഇ ഇറക്കിവിട്ടു. ഇതേസമയം തീവണ്ടി ഓടിത്തുടങ്ങിയിരുന്നു. രണ്ടുപേര്‍ക്കേ പുറത്തിറങ്ങാന്‍ സാധിച്ചുള്ളൂ. കുട്ടികള്‍ ഉള്‍പ്പെടെ തീവണ്ടിക്കുള്ളിലുമായി. കുട്ടികളുടെ നിലവിളി കേട്ട് യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാലു മിനിട്ട് തീവണ്ടി പിടിച്ചിടേണ്ടി വന്നുവെന്ന് ആരോപിച്ച് റെയില്‍വേ പോലീസ് കുട്ടികളെ സഹിതം സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കൊല്ലം കോടതിയില്‍ ഹാജരായി ഫൈന്‍ അടയ്ക്കണമെന്നാണ് പോലീസിന്റെ നിര്‍ദേശം. എന്നാല്‍ ഇവര്‍ യാത്ര ചെയ്യേണ്ട തീവണ്ടിയില്‍ തന്നെയാണ് കയറിയത്. ടിടിഇക്കുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഒടുവില്‍ ഒന്നര മണിക്കൂറിനു ശേഷമാണ് ഇവര്‍ക്ക് അടുത്ത വണ്ടിയില്‍ യാത്ര ചെയ്യാന്‍ സാധിച്ചത്.
ജനശതാബ്ദിയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റെടുത്ത പണം നഷ്ടമായതു കൂടാതെ മാനഹാനിയും സമയനഷ്ടവും ഇവര്‍ക്കുണ്ടായി. പിഞ്ചുകുഞ്ഞുമായെത്തിയ സ്ത്രീകളോടു പോലും മര്യാദയില്ലാതെ പെരുമാറിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: