ആലപ്പുഴ: കയര്‍ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കയര്‍ കേരള രാജ്യാന്തര പ്രദര്‍ശന വിപണനമേളയ്ക്കു കഴിഞ്ഞെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കയര്‍കേരള 2015 ന്റെ സ്വാഗതസംഘം ഓഫീസ് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കയര്‍ കയറ്റുമതി 1476 കോടി രൂപയായി ഉയര്‍ത്താന്‍ കയര്‍ കേരളയും മുഖ്യപങ്കുവഹിച്ചു. ചകിരിനാരിന്റെ ലഭ്യതക്കുറവാണ് മേഖല നേരിടുന്ന പ്രശ്നം. 2.25 ലക്ഷം മെട്രിക് ടണ്‍ ചകിരിനാരാണ് സംസ്ഥാനത്തിനു വേണ്ടത്. 30,000 ടണ്‍ മാത്രമാണ് നിലവില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. തൊണ്ട് സംഭരണത്തിന് ജനങ്ങളുടെ മാനസിക പിന്തുണവേണം.
മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ 59,000 ക്വിന്റല്‍ ചകിരിനാര് സംഘങ്ങള്‍ക്ക് നല്കി. 16.5 കോടി രൂപയാണ് ഇതിനുചെലവഴിച്ചത്. കയര്‍ കേരളയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം 1.75 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ജി. സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: