ആലപ്പുഴ: റവന്യു, സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട എട്ടിനങ്ങളിലെ അപേക്ഷകള്‍, ഫയലുകള്‍ തീര്‍പ്പാക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനും അദാലത്ത് ജനുവരി 12ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി അടൂര്‍ പ്രകാശ് മുഴുവന്‍ സമയവും പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ദേശീയ കുടുംബക്ഷേമ പദ്ധതി, പ്രകൃതിക്ഷോഭം, പോക്കുവരവ്, പട്ടയം, കെഎല്‍യു, അതിര്‍ത്തി നിര്‍ണയം, ലാന്‍ഡ് റിക്കാര്‍ഡ്സ് മെയിന്റനന്‍സ് എന്നീ എട്ടിനങ്ങളില്‍ ലഭിച്ച അപേക്ഷകളിലും പുതുതായി ലഭിക്കുന്ന അപേക്ഷകളിലും തീര്‍പ്പു കല്പിക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് ബാക്കിയുള്ള അപേക്ഷകളും ഫയലുകളും നവംബര്‍ ഒന്ന് മുതല്‍ അദാലത്തിലേക്ക് സ്വീകരിച്ച ഡിസംബര്‍ 20 വരെയുള്ള അപേക്ഷകളും അദാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 39,541 ഫയലുകള്‍ ഉള്ളതില്‍ 32,576 ഫയലുകള്‍ തീര്‍പ്പാക്കി. ബാക്കി 6,965 എണ്ണത്തില്‍ ബഹുഭൂരിപക്ഷത്തിലും അദാലത്തില്‍ തീര്‍പ്പു കല്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സിഎംഡിആര്‍എഫ്, എന്‍എഫ്ബിഎസ്, പ്രകൃതിക്ഷോഭം എന്നീയിനങ്ങളില്‍ ആറായിരത്തോളം പേര്‍ക്ക് ധനസഹായം അദാലത്തില്‍ വിതരണം ചെയ്യും. പുതിയ അപേക്ഷകളും മന്ത്രി സ്വീകരിക്കും. മൂവായിരത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഇഎംഎസ് സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. അന്വേഷണം, പുതിയ അപേക്ഷകളുടെ രജിസ്ട്രേഷന്, ഹെല്പ് ഡെസ്ക്, താലൂക്ക് ഓഫീസുകള്‍ക്കും മറ്റുമുള്ള എട്ടു കൗണ്ടറുകള്‍ സജ്ജീകരിക്കും. അയ്യായിരം പേര്‍ക്കുള്ള ഉച്ചഭക്ഷണം തുറവൂര്‍ ദേവസ്വം സൗജന്യമായി നല്‍കും. ചൂടുവെള്ളം, കുടിവെള്ളം എന്നിവ തയാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: