മുഹമ്മ: കഞ്ഞിക്കുഴി 16-ാം വാര്‍ഡ് പുത്തന്‍വെളി വീട്ടില്‍ രോഹിത് പച്ചക്കറി കൃഷിയിലൂടെ നാടിനു അഭിമാനമായി. കണിച്ചുകുളങ്ങര എസ്എന്‍ ട്രസ്റ്റ് സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ രോഹിത്തിന് നേരത്തെ തന്നെ കൃഷിയില്‍ താത്പര്യമുണ്ടായിരുന്നു. സ്കൂളില്‍ പോകുന്നതിനു മുമ്പും ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്ന വൈകുന്നേരങ്ങളിലുമാണ് കൃഷി പരിപാലനം.
കൃഷിക്കു വേണ്ടി എത്രസമയം ചെലവഴിച്ചാലും പഠനകാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത ഈ കൊച്ചുമിടുക്കന് സ്കൂളിലെ രണ്ടാം സ്ഥാനക്കാരനാണ്. ആകെയുള്ള പതിനൊന്നു സെന്റില്‍ പാവല്‍, പടവലം, തക്കാളി, വെള്ളരി, പയര്‍, ചീര, കോളിഫ്ളവര്‍, വെണ്ട, പച്ചമുളകു, സവാള എന്നിവയാണ് കൃഷി ചെയ്തത്. ജൈവവളമാണു ഉപയോഗിച്ചത്. കൃഷി ഓഫീസര്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്കി. ആദ്യവിളവെടുപ്പു കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ ജി.വി. റെജി നിര്‍വഹിച്ചു. ശിഷ്യന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനു സാക്ഷ്യം വഹിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരി, അദ്ധ്യാപകര്‍, വാര്‍ഡംഗം എം.ജി. രാജു, കൃഷി കണ്‍വീനര്‍ സന്യന്, കര്‍ഷകര്‍ എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: