കൊച്ചി: രാജ്യത്തെ പ്രഥമ റെഡ് കാര്‍പെറ്റ് ഇവന്റായ കാമ്പസ് ചോയ്സ് സിനി അവാര്‍ഡ്സ് (സി-അവാര്‍ഡ്സ്) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്നു. കുസാറ്റിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജിയുടെ ആഭിമുഖ്യത്തിലുള്ള കലാവിരുന്നായ ആങ്കറേജിന്റെ രജത ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ചാണ് സിനി അവാര്‍ഡ്സ് സംഘടിപ്പിച്ചത്.
2014 ലെ സിനിമകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത 21 വിഭാഗങ്ങള്‍ക്കാണ് ചടങ്ങില്‍ അവാര്‍ഡ് നല്‍കിയത്. മികച്ച പുതുമുഖം, മികച്ച സിനിമ തീയറ്റര്‍, പി.ആര്.ഓ എന്നിവയുള്‍പ്പെടെ 7 വിഭാഗങ്ങള്‍ക്കും പ്രത്യേക ജൂറി അവാര്‍ഡ് നല്കി. പ്രശസ്ത സംവിധായകന് ഐ.വി. ശശി, മലയാളത്തിന്റെ പ്രിയതാരം കവിയൂര്‍ പൊന്നമ്മ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി.
2014 ലെ ഏറ്റവും മികച്ച ചിത്രമായി 7വേ ഡേ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് ആസിഫ് അലിയും നടിയ്ക്കുള്ള അവാര്‍ഡ് പാര്‍വതി മേനോനും ഏറ്റുവാങ്ങി. ഏറ്റവും മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് ജോജു ജോര്‍ജ്ജ് സ്വന്തമാക്കിയപ്പോള്‍ ഗോപി സുന്ദറിനാണ് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് ലഭ്യമായത്. 1983ന്റെ സംവിധാനം നിര്‍വഹിച്ച അബ്രിഡ് ഷൈനാണ് മികച്ച സംവിധായകന്. രഞ്ജി പണിക്കര്‍, സൃന്ദ അഷബ്, സമീര്‍ താഹിര്‍, ജോബ് കുര്യന്, സമീറ സനീഷ്, നിക്കി ഗല്‍റാണി, പി.ആര്.ഓ ദിനേശ്, അജിത്ത് പിള്ള, വിപിന്‍ രാധാകൃഷ്ണന് എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. റെഡ് കാര്‍പ്പെറ്റിലൂടെ വേദിയിലേയ്ക്ക് താരങ്ങളെ ആനയിച്ചത് പ്രേക്ഷകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും വേറിട്ട അനുഭവമായി. നിലവാരമുള്ള സിനിമകള്‍, ഫിലിം ഫെസ്റ്റിവലുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് പ്രസിദ്ധീകരിക്കുന്ന ഓള് ലൈറ്റ്സ് ഫിലിം മാഗസിന്റെ ആദ്യ പ്രതി ഐ. വി ശശി പ്രകാശനം ചെയ്തു.
റെഡ് കാര്‍പെറ്റ് ഇവന്റ് കൊച്ചി യൂണിവേഴ്സിറ്റിയില്‍ ആദ്യമായി അവതരിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സോഹന്‍ റോയിയെ വകുപ്പ് മേധാവി ഡോ. ശിവപ്രസാദ് പൊന്നാടയണിയിച്ച് ആദരിച്ചു. ഏരീസ് ടാലന്റ് സേര്‍ച്ചിന്റെ 10 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സി-അവാര്‍ഡ്സ് നടത്തിയതെന്ന് സോഹന്‍ റോയി പറഞ്ഞു.
കാമ്പസ് ചോയ്സ് സിനി അവാര്‍ഡ്സില്‍ ഷാജൂണ്‍ കാര്യാല്‍, ശ്രീകണ്ഠന് നായര്‍, മെക്കാര്‍ട്ടിന്‍, സാബൂ കൊളോണിയ, ജി.എസ്. വിജയന്, ദീപന്, മമാസ്, സോഹന്‍ സീനുലാല്‍, എം. എ. നിഷാദ്, ജിസ്മോന്, പദ്മകുമാര്‍, ഗോവിന്ദന് കുട്ടി, കോളിന്‍സ് ലിയോഫില്‍, രഞ്ജിത്ത് ശങ്കര്‍, സാബു ചെറിയാന് തുടങ്ങിവരും സന്നിഹതരായിരുന്നു. പരിപാടിയോടനുബന്ധിച്ച് നൃത്ത പരിപാടിയും, മിമിക്രിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: