പുതുക്കാട്: നടാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് മാര്‍ച്ച് മാസത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന് കളക്ടര്‍ എം.എസ്. ജയ പറഞ്ഞു. ഓരോ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നല്കിയ സ്ഥലത്തിനാണ് പട്ടയം അനുവദിക്കുന്നത്. ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തി അവരുടെ പരാതികള്‍ കേട്ടതിനുശേഷമാണ് പട്ടയം നല്‍കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയത്.
ചിമ്മിനി ഡാമിന്റെ വൃഷ്ടി പ്രദേശമായ കള്ളിചിത്രയില് താമസിച്ചിരുന്ന ആദിവാസി കുടുംബങ്ങളെ ഡാമിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടാംപാടത്തേക്ക് മാറ്റിപാര്‍പ്പിക്കുകയായിരുന്നു. അന്ന് സര്‍ക്കാരും ആദിവാസികളും തമ്മിലുണ്ടാക്കിയ ഉടമ്പടി കരാറില്‍ ഓരോ കുടുംബത്തിനും ഒരു ഏക്കര്‍ ഭൂമി നല്‍കുമെന്ന് കരാറുണ്ടായിരുന്നു. എന്നാല്‍ 65 സെന്റ് ഭൂമി വീതം ആദ്യഘട്ടത്തില്‍ നല്‍കിയെങ്കിലും രേഖകളോ പട്ടയമോ ഇതുവരെയും നല്‍കിയിട്ടില്ല.
സര്‍ക്കാരിന്റെ അവഗണനക്കെതിരെ രണ്ടാംഘട്ട ഭൂസമരം ആരംഭിക്കുകയും വരന്തരപ്പിള്ളി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി പ്രശ്ന പരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. കോളനിയിലെത്തിയ കളക്ടര്‍ക്ക് നിരവധി പരാതികളാണ് ലഭിച്ചത്.
പരാതികള്‍ കേട്ട കളക്ടര്‍ അടിയന്തിരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വനം വകുപ്പ്, കെഎസ്ഇബി, റവന്യൂ, പഞ്ചായത്ത്, പോലീസ്, അധികാരികളും കളക്ടറുടെ ഒപ്പം കോളനിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: