ശബരിമല: മുന്‍ വര്‍ഷങ്ങളില്‍ നിന്നും വത്യസ്തമായി കാനനപാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ശബരീശദര്ശനത്തിനെത്തുന്നവര് തെരഞ്ഞെടുത്തിരിക്കുന്നത് പുല്ലുമേട്, എരുമേലി എന്നിവിടങ്ങളിലൂടെയുളള കാനനപാതകളാണ്.
അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് ഈവഴികളിലൂടെ കടന്നുവരുന്നവരില്‍ ഏറെയും. ഇവിടങ്ങളിലൂടെ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത് അധികൃതരുടെ കണക്കുകൂട്ടലുകളും തെറ്റിച്ചിട്ടുണ്ട്. പമ്പയിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുകയും തിരക്ക് ശാന്തമാണെന്ന് ഇവര്‍ കരുതുകയും ചെയ്യുന്നതാണ് കണക്കുകൂട്ടലുകള്‍ തെറ്റുന്നതിനുളള പ്രധാനകാരണം. ഇത്തരം തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ കാട്ടിലൂടെ പമ്പയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് നീലിമലയിലും, സന്നിധാനത്തുംവരെ മിക്കപ്പോഴും അനുഭവപ്പെടാറുണ്ട്.
ഇവര്‍ ദര്‍ശനത്തിന് ശേഷം ദിവസങ്ങളോളം സന്നിധാനത്തും പരിസരത്തും തമ്പടിക്കുന്നത് രൂക്ഷമായ തിരക്കിന് മറ്റൊരുകാരണമാണ്. തുടര്‍ച്ചയായുളള അവധി ദിവസങ്ങള്‍ ലഭിച്ചതാണ് ഭക്തര്‍ കാനനപാത തിരഞ്ഞെടുത്തതെന്നും അധികൃതര്‍ പറയുന്നു. ഇങ്ങനെ എത്തുന്ന ഭക്തര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഇടുക്കിയില്‍ നിന്നും വണ്ടിപ്പെരിയാറുവഴി പുല്‍മേട്ടിലൂടെ വന്ന അയ്യപ്പഭക്തരില്‍ ഒരാളെ കാണാതായിരുന്നു. ഒപ്പമുളളവര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസും, ദ്രുതകര്‍മ്മസേനയും നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ ഈ ഭക്തനെ കണ്ടെത്തിയത്. നിരവധി അപകടങ്ങളും ഭക്തര്‍ക്ക് സംഭവിക്കുന്നുണ്ട്. ഇടുക്കിസ്വദേശിയായ തീര്ത്ഥാടകന് പുല്‍മേടിന് സമീപം വിണ് പരിക്കേറ്റ സംഭവമുണ്ടായി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അയ്യപ്പസോവാസമാജം പ്രവര്‍ത്തകരും, ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ തീര്‍ത്ഥാടകനെ ആശുപത്രിയില്‍ എത്തിച്ചത്. പരമ്പരാഗത പാത തിരഞ്ഞെടുക്കുന്ന ഭക്തരുമായ് എത്തുന്ന വാഹനങ്ങള്‍ അതാതുകേന്ദ്രങ്ങളില്‍ ഇവരെ ഇറക്കിയശേഷം നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തങ്ങുകയാണ് ചെയ്യുന്നത്. ഇന്നലെ മാത്രം കെഎസ്ആര്‍ടിസി 70 ബസുകള്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ അധികമായി നടത്തി. ഇന്ന് അവധി ദിവസമായ ഞായറാഴ്ച എന്നതും, ധനുമാസത്തിലെ തിരുവാതിര ആയതിനാലും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: