പത്തനാപുരം: പുതുവര്‍ഷാഘോഷത്തിനിടെ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയതിനെത്തുടര്ന്ന് പത്തനാപുരം പൊതുമാര്‍ക്കറ്റില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം. കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെ മാര്‍ക്കറ്റില്‍ നിന്ന് വ്യാപാരികള്‍ പോയശേഷമാണ് ആക്രമണം നടന്നത്. ചന്തയിലെ പച്ചക്കറികടകള്‍, പഴക്കടകള്‍, മുട്ടവ്യാപാരകേന്ദ്രങ്ങള്, പലഹാരകടകള്‍ എന്നിവ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.
കടയുടെ ടാര്‍പോളിനുകള്‍ നശിപ്പിക്കുകയും പെട്ടികള്‍ തകര്‍ക്കുകയും ചെയ്തു. പഴക്കടകളില്‍ നിന്ന് ഓറഞ്ച്, ആപ്പിള്‍ എന്നിവ വന്‍തോതില്‍ അപഹരിച്ചിട്ടുണ്ട്. കാരംമൂട് സ്വദേശി സംസ്, മധുര സ്വദേശി കുമാര്‍, മഞ്ചള്ളൂര്‍ സ്വദേശികളായ സത്താര്‍, അന്‍സാരി, കബിര്‍, കുണ്ടയം, സ്വദേശികളായ അയ്യൂബ്, വഹാബ്, പുന്നല സ്വദേശി സാദിഖ്, മാലൂര്‍ സ്വദേശിനി നജ്മ എന്നിവരുടെ കടകളാണ് നശിപ്പിക്കപ്പെട്ടത്.
ശബ്ദംകേട്ട് സമീപത്തെ മത്സ്യവിപണനകേന്ദ്രത്തിലെ വ്യാപാരികളെത്തിയപ്പോള് അവരെ ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ഭീഷണിപ്പെടുത്തിയതായും വ്യാപാരികള്‍ പറയുന്നു. പത്തനാപുരം സെന്‍ട്രല്‍ ജംഗ്ഷനിലെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. കഴിഞ്ഞമാസവും മാര്‍ക്കറ്റില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. സംഭവം നിരവധിതവണ പോലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കച്ചവടക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: