കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎം ഭീകരതക്കെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ ദിനരാത്ര സത്യഗ്രഹം. ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഇന്ന് രാവിലെ 10 മണിക്ക് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടി നേതാക്കളായ സി.കെ. പത്മനാഭന്, കെ. സുരേന്ദ്രന്, കെ.പി.ശ്രീശന് മാസ്റ്റര്‍, എം.ടി. രമേശ്, കെ. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ അഭിസംബോധന ചെയ്യും. പരിപാടിയോടനുബന്ധിച്ച് സാംസ്കാരിക സംഗമം, വനിതാ സംഗമം, പ്രതിഷേധ സംഗമം തുടങ്ങിയവ നടക്കും.
2008 മുതല്‍ ജില്ലയില്‍ ആറ് ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം സംഘം കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനത്തോടെയാണ് പ്രതികരിച്ചത്.
സിപിഎമ്മിനെതിരായ ജനവികാരം ജില്ലയില്‍ ശക്തമാണ്. ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്നതിന് വേണ്ടിയാണ് സിപിഎം നേതൃത്വം നിരന്തരമായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ അക്രമമുണ്ടാക്കുന്നത്. ഒരു രക്തസാക്ഷിയെ സൃഷ്ടിച്ച് തങ്ങള്‍ക്കെതിരായ ജനവികാരത്തെ മറികടക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
പയ്യന്നൂരില്‍ ഒരു ദിവസംകൊണ്ട് തകര്‍ത്തത് ഏഴ് ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ്. നിരവധി വാഹനങ്ങളും കത്തിച്ചു. കഴിഞ്ഞദിവസം ശിവപുരത്ത് വിവാഹവീട്ടിലും സിപിഎം സംഘം അക്രമം നടത്തി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും അക്രമത്തിനിരയായി.
ബ്ലാത്തൂരില്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള സംഘത്തെ സിപിഎമ്മുകാര്‍ വളഞ്ഞിട്ട് അക്രമിച്ചു. ഡിസംബര്‍ ഒന്നിന് ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന്‍ ദിനാചരണത്തില്‍ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവര്ത്തകന് മണക്കാടവ് ചീക്കാട്ടെ രാജന് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎമ്മിന്റെ ഏകപക്ഷീയ ആക്രമണമാണ് നടക്കുന്നത്. പോലീസാകട്ടെ ആക്രമണത്തിനിരയായവരേയും കേസില്‍ പെടുത്തി പീഡിപ്പിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇരകള്‍ക്ക് ലഭിക്കേണ്ട ന്യായമായ നീതിപോലും കണ്ണൂരില്‍ ബിജെപിക്ക് ലഭിക്കുന്നിലെന്നതാണ് സ്ഥിതി.
ഈ സാഹചര്യത്തില്‍ സിപിഎമ്മിനെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാനും പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സിപിഎം നടത്തുന്ന അക്രമക്കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാറും സിപിഎമ്മും ഒത്തുകളിക്കുന്നതില്‍ പ്രതിഷേധിച്ചുമാാണ് ഇന്ന് രാവിലെ 9 മണി മുതല്‍ നാളെ കാലത്ത് 10 മണി വരെ 24 മണിക്കൂര്‍ ദിനരാത്ര സത്യഗ്രഹം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിക്കുന്നതെന്നും ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: