കരുനാഗപ്പള്ളി: ഡ്രൈവിങ് സ്കൂള്‍ ഉടമകളെ ഭിന്നിപ്പിച്ച് ഉദ്യോഗസ്ഥന്മാര് കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം. കരുനാഗപ്പള്ളിയില്‍ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഡ്രൈവിങ് ഉടമകളോടും അവര്‍ പരിശീലനം നല്കിയവരോടും കര്‍ശനനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് വിവാദമാകുന്നത്.
ഓരോ ഡ്രൈവിങ് ടെസ്റ്റ് ദിവസങ്ങളിലും കൈക്കൂലി കൊടുക്കാതായതോടെയാണ് കടുംപിടുത്തവും ക്രൂരമായ നടപടിയും തുടങ്ങിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജോയിന്റ് ആര്‍ടി ഓഫീസ് കരുനാഗപ്പള്ളിയില്‍ തുടങ്ങി ഇതുവരെ നിലവിലില്ലാതിരുന്ന പുതിയ പരിഷ്കാരങ്ങളാണ് കൂടുതല്‍ കൈക്കൂലിക്കായി ഉദ്യോഗസ്ഥന്മാര് നടപ്പിലാക്കുന്നതെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പറയുന്നു.
ഉദ്യോഗസ്ഥന്മാര് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പുതിയ പരിഷ്കാരംകൊണ്ട് സാമ്പത്തികനഷ്ടവും കൂടുതല്‍ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് വാഹനഉടമകള്‍ക്കും ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് വാങ്ങാനെത്തുന്നവര്ക്കുമാണ്.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടില്‍ എത്തുന്നത് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്മാര് മുന്‍കൂട്ടി അറിയുകയും ഇതനുസരിച്ച് ആ ദിവസങ്ങളില്‍ ടെസ്റ്റ് കേന്ദ്രത്തില്‍ ജാഗ്രത പാലിക്കാറുമുണ്ട്.
കരുനാഗപ്പള്ളിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തുന്നതിന് അംഗീകാരമില്ലാത്ത നിരവധി വാഹനങ്ങള്‍ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ പരിശീലനം നടത്തുന്നതായി നേരത്തെ മുതല്‍ പരാതിയുണ്ട്. ഇക്കൂട്ടര്‍ക്ക് സഹായങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര് ചെയ്തുവരുന്നതായും ആരോപണമുണ്ട്. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തുന്ന ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കേണ്ട ഉന്നത ഉദ്യോഗസ്ഥന്മാര് വര്‍ഷങ്ങളായി ടെസ്റ്റ് ഗ്രൗണ്ടില്‍ എത്താറില്ലെന്നും ആക്ഷേപമുണ്ട്.
നേരത്തെ പരിശീലനത്തിന് എത്തുന്നവരുടെ അപേക്ഷകളും ടെസ്റ്റിനുള്ള അപേക്ഷകളും നല്‍കിയിരുന്നത് ഡ്രൈവിങ് സ്കൂള്‍ ഉടമകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രീതി മാറ്റി. ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന ഓരോരുത്തരും അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ വന്ന് ടെസ്റ്റ് ഡേറ്റ് വാങ്ങണമെന്നാണ് നിര്‍ദ്ദേശം. ഒരു ഡ്രൈവിങ് സ്കൂളിലെ പരിശീലനം നേടിയവര്‍ക്ക് ഒന്നിച്ചു ഒരുദിവസം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന പതിവ് നീക്കി ഓരോരുത്തര്‍ക്കും ഓരോ ദിവസങ്ങളില്‍ ഉദ്യോഗസ്ഥന്റെ ഇഷ്ടം പോലെയാക്കി.
ഇതുമൂലം അഞ്ചുവിദ്യാര്‍ത്ഥികള്‍ ടെസ്റ്റിനുണ്ടെങ്കില് അഞ്ച് തവണ കേന്ദ്രത്തില്‍ വാഹനവുമായി ഡ്രൈവിങ് സ്കൂള്‍ ഉടമ ഹാജരാകണം. ഇത് പരിശീലനം നേടിയ വിദ്യാര്‍ത്ഥികളെ ബോധപൂര്‍വം കഷ്ടപ്പെടുത്തുന്നതിനാണെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പറയുന്നു. ടെസ്റ്റ് നടത്താന്‍ വരുന്നവര്‍ സാമ്പത്തികശേഷിയുള്ളവരാണെങ്കില് പല സാങ്കേതികതടസങ്ങള് പറഞ്ഞ് കൂടുതല്‍ കൈക്കൂലി വാങ്ങുന്നതും പതിവാണെന്ന് ആരോപണമുണ്ട്.
മുന്‍കാലങ്ങളില്‍ ഏജന്റുമാര്‍ക്ക് കോഡ് നമ്പര്‍ ഉദ്യോഗസ്ഥന്മാര് നല്‍കിയാണ് കൈക്കൂലി വാങ്ങി വന്നത്. ഈ രീതിയിലും മാറ്റം വരുത്തി. ഏജന്റുമാരില്‍ നിന്നും അധികാരപത്രം എന്ന വ്യവസ്ഥയിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഈ അധികാരപത്രത്തില്‍ ഏജന്റിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാന്‍ എളുപ്പവഴി സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: