ചേര്‍ത്തല: സിപിഎമ്മിന്റെ വിഭാഗീയതയ്ക്കിരയായി ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വഹിച്ചിരുന്ന നേതാവ് തൊഴില്‍ പോലും നഷ്ടപ്പെട്ട് ജീവിക്കുവാന്‍ തെരുവില്‍ ലോട്ടറി വില്പന നടത്തുന്നു. ചേര്‍ത്തല തെക്കു പഞ്ചായത്ത് 14-ാം വാര്‍ഡ് തെക്കേവെളിയില്‍ അശോകനാ (55)ണ് ഈ ദുര്‍ഗതി. 1981ല്‍ അരീപ്പറമ്പില്‍ നിന്നും തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്കല്‍ കമ്മറ്റി സെക്രട്ടറി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ വിവിധ ചുമതലകള്‍ വഹിച്ച അശോകനെ പാര്‍ട്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ തന്നെ ചതിക്കുകയായിരുന്നു.
1995ല്‍ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ 607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച അശോകന് പ്രസിഡന്റ് സ്ഥാനം നല്കുവാനും വിഭാഗീയത വില്ലനായി വന്നു. ഇതോടെ നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 1997 വരെ രണ്ട് വര്‍ഷം വൈസ് പ്രസിഡന്റായും മൂന്ന് വര്‍ഷം പ്രസിഡന്റുമായും തുടരുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ടായിരത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും സിപിഎം വിജയിച്ച പഞ്ചായത്തില്‍ അഞ്ചുവര്‍ഷക്കാലം വൈസ് പ്രസിഡന്റ് സ്ഥാനവും അശോകന് വഹിച്ചിരുന്നു. ഇത്രയൊക്കെയാണെങ്കിലും അശോകന്റെ കുടുംബത്തിന് കുടികിടപ്പ് കിട്ടിയ അഞ്ച് സെന്റ് സ്ഥലത്തുള്ള ചെറിയ കൂരയിലെ ഒരു മുറിയില്‍ നടത്തിയ ചെറിയ കച്ചവടത്തില്‍ നിന്നുള്ള വരുമാനമായിരുന്നു ആശ്രയം.
2002 മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ഹര്‍ത്താലില്‍ രണ്ട് പാര്‍ട്ടി സുഹൃത്തുക്കള്‍ അശോകന്റെ വീട്ടില്‍ എത്തുകയും പഞ്ചസാരയും ബീഡിയും കാലിത്തീറ്റയുമൊക്കെ വാങ്ങി പോകുകയും ചെയ്തു. ഇത് പാര്‍ട്ടിക്കാരുടെ ചതിയായിരുന്നുവെന്ന് അശോകന് അറിഞ്ഞിരുന്നില്ല. പിന്നീട് നടന്ന പാര്‍ട്ടി കമ്മറ്റിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്ന് കച്ചവടം നടത്തി എന്ന കുറ്റം ചുമത്തി അശോകനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മേല്‍ഘടകം മാറ്റുകയായിരുന്നു. പാര്‍ട്ടിയിലെ ചുവന്ന വിഭാഗീയത തളര്‍ത്തിയെങ്കിലും തളരാതെ നിന്ന അശോകനെ ഹൃദയസംബന്ധമായ അസുഖം പൂര്‍ണമായും തളര്‍ത്തി.
എറണാകുളത്തും തിരുവനന്തപുരത്തുമായി ചികിത്സകള്‍ നടത്തിയതില്‍ അഞ്ച്ലക്ഷത്തോളം രൂപ ചെലവ് വന്നതോടെ കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നു. അശോകന്റെ അപസ്മാര രോഗിയായ സഹോദരി ഉഷയുടെ പേരിലുണ്ടായിരുന്ന മൂന്നരസെന്റ് സ്ഥലത്ത് ചെറിയ കൂരവെച്ചാണ് ഇപ്പോള്‍ അശോകനും സഹോദരിയും ഭാര്യയും രണ്ട് പെണ്മക്കളും കഴിയുന്നത്. അശോകന് ജീവന് നിലനിര്‍ത്താന്‍ ജീവന്‍രക്ഷാ മരുന്നായി 206 രൂപയുടെ ഗുളിക ദിവസവും വേണം. അതിനുള്ള വരുമാനത്തിനായി തെരുവിലേക്ക് ലോട്ടറിയുമായി കൈനീട്ടുകയാണ് അശോകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: