ന്യൂദല്‍ഹി: കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തിക്കൊണ്ട് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് അനുകൂലമായി വന്ന കോടതി വിധിയില്‍ അടിയേറ്റത് അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യത്തിന്.
ഇപ്പോള്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിധിക്കണക്കു തിട്ടപ്പെടുത്തുന്ന വിഷയത്തില്‍ അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം മുന്‍കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ ഈ കേസില്‍ കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ അദ്ദേഹത്തിനെ പരിഹാസ്യനാക്കിയിരിക്കുന്നത്.
അമിത് ഷാ ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ 2005-ല്‍ ഗുജറാത്ത് പോലീസുമായുണ്ടായ ഏറ്റു മുട്ടലിലാണ് സൊഹ്റാബുദീന്‍ എന്ന കുറ്റവാളി കൊല്ലപ്പെട്ടത്. സൊഹ്റാബുദീന്‍ ഗുജറാത്ത്-രാജസ്ഥാന്-മദ്ധ്യപ്രദേശ് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ അയാളുടെ തലയ്ക്കു വിലയിട്ടിരുന്നു.
അനധികൃത ആയുധ വ്യാപാരിയായിരുന്ന അയാള്‍ ഭീകര വിരുദ്ധ നിയമമായ ടാഡാ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉജ്ജയിനിയില്‍ അയാളുടെ താവളത്തിനടുത്തുനിന്ന് മദ്ധ്യപ്രദേശ് പോലീസ് 40 എകെ 56 തോക്കുകളും 100 എകെ 56 വെടിയുണ്ടകളും നൂറുകണക്കിന് ഗ്രനേഡുകളും കണ്ടെടുത്തിരുന്നു. വിവിധ സംസ്ഥാന പോലീസുകള്ക്കിയാള് പിടികിട്ടാപ്പുള്ളിയായിരുന്നു.
കൊല്ലപ്പെട്ട സൊഹ്റാബുദീന്റെ സഹോദരന് 2005 നവംബര്‍ 25-ന് സുപ്രീം കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ബന്ധമായിരുന്നു അതിനു പിന്നില്‍. ആദ്യ ദിവസംതന്നെ അന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ ഹാജരായി കേസിന്റെ തുടര്‍ നടപടിക്കു സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊള്ളാമെന്നറിയിച്ചു. അതേ സമയംതന്നെകേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോണി ജനറലും ഹാജരായി.
ഗോപാല്‍ സുബ്രഹ്മണ്യമാകട്ടെ, കോടതി ഉത്തരവുമൂലം നിയോഗിക്കപ്പെടാതെതന്നെ സ്വയം അമിക്കസ് ക്യൂറി ആവുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാര്‍ അതിനിടെ കേസന്വേഷണം സിബിഐക്ക് കൈമാറി.
ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ചെറുകക്ഷിയായിരുന്നിട്ടുകൂടി അറ്റോണി ജനറല്‍ കേസിന്റെ ഓരോ നടപടിക്രമത്തിലും അമിതമായി ഇടപെട്ടു. സിബിഐയുടെ പക്ഷപാതം സംബന്ധിച്ച് കോടതിയില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഗുജറാത്ത് പോലീസിലെ ഒരു പ്രത്യേക വിഭാഗത്തെക്കൊണ്ട് അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ ഏതാനും പോലീസ് ഓഫീസര്‍മാരെ കുറ്റക്കാരായിക്കണ്ട് അറസ്റ്റു ചെയ്തു.
പിന്നെയും അമിത്ഷായെയും മറ്റും കേസില്‍ പ്രതി ചേര്‍ക്കണമെന്ന കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും വാദങ്ങള്‍ക്കൊടുവില്‍ കേസ് അന്വേഷണം സുപ്രീം കോടതി സിബിഐക്ക് വിടുകയായിരുന്നു. സിബിഐയുടെ മുംബൈ കോടതിയാണ് ഇപ്പോള്‍ അമിത് ഷായ്ക്കെതിരേ തുടര്‍നടപടി ആവശ്യമില്ലെന്നു കണ്ടെത്തി വിധി പറഞ്ഞത്.
ഇതോടെ ഈ കേസില്‍ അമിത താല്പര്യമെടുത്ത് അമിക്കസ് ക്യൂറി വരെയായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിലപാട് അടിസ്ഥാനമില്ലാത്തതായെന്നു വ്യക്തമായിരിക്കുകയാണ്. പത്മനാഭ സ്വാമി ക്ഷേത്രസ്വത്തുകാര്യത്തില് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അമിക്കസ് ക്യൂറിയായി നിയുക്തനായ ഗോപാല്‍ സുബ്രഹ്മണ്യത്തിനു മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്നതുകൂടിയാണ് അമിത് ഷായ്ക്ക് അനുകൂലമായ ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: