പഞ്ചായത്ത് അംഗങ്ങളും രാജിയ്ക്കൊരുങ്ങുന്നു
മാവേലിക്കര: ജില്ലാ സമ്മേളനം ജനുവരി ഒന്നിനു തുടങ്ങാനിരിക്കെ സിപിഎം ചെട്ടികുളങ്ങര കിഴക്കു ലോക്കല്‍ കമ്മിറ്റിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയായില്ല. ഇതേത്തുടര്‍ന്ന് നാല് ഗ്രാമ പഞ്ചായത്തംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു. ജില്ലാ കമ്മറ്റിയംഗത്തിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം. ലോക്കല്‍ കമ്മറ്റിയിലെ 11 അംഗങ്ങളും 14 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവച്ചിട്ടും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ഇടപെടാത്തതിനെത്തുടര്ന്നാണ് ഗ്രാമ പഞ്ചായത്തംഗങ്ങള്‍ രാജിയ്ക്കൊരുങ്ങുന്നത്. ഇതേ സമയം ജില്ലാ കമ്മിറ്റിയംഗവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ. മഹേന്ദ്രനെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടന്നു. ജില്ലാ സമ്മേളനത്തിനു മുമ്പ് ലോക്കല്‍ കമ്മറ്റിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് ചെട്ടികുളങ്ങര കിഴക്കുനിന്നുള്ള ചില പഞ്ചായത്തംഗങ്ങള്‍ സൂചന നല്‍കിയിട്ടുള്ളത്. വിഎസ് പക്ഷത്തിന് മേല്‍ക്കോയ്മയുളള എല്‍സിയില്‍ ഔദ്യോഗിക പക്ഷത്തിന് കടന്നുവരാനായി ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പു കളിക്കുകയാണെന്നാണ് വിഎസ് പക്ഷത്തിന്റെ ആരോപണം.
പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടിക്ക് രാജിക്കത്തു നല്കി
ആലപ്പുഴ: പാര്‍ട്ടിയിലെ വിഭാഗീയത ശക്തമായ സാഹചര്യത്തില്‍ പുന്നപ്ര വടക്കു പഞ്ചായത്ത് പ്രസിഡന്റ് എം. ത്യാഗരാജന് പാര്‍ട്ടിക്ക് രാജിക്കത്തു നല്കി. ഔദ്യോഗിക പക്ഷത്തെ ഭിന്നതയാണു വിഎസിന്റെയും ജി. സുധാകരന്റെയും സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്കു നയിച്ചത്. ത്യാഗരാജനെതിരെ ഒരു ഏരിയ കമ്മറ്റിയംഗവും എല്‍സി സെക്രട്ടറിയും പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഏരിയ കമ്മറ്റി യോഗത്തിലാണ് ത്യാഗരാജന് രാജിക്കത്തു നല്‍കിയത്. ജി. സുധാകരന്റെ വീടു സ്ഥിതി ചെയ്യുന്ന വാര്‍ഡ് പ്രതിനിധിയാണ് ത്യാഗരാജന്. പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയില്‍ ത്യാഗരാജന്റെ പ്രവര്‍ത്തനം പരാജയമാണെന്നു പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതിപക്ഷവും പഞ്ചായത്ത് ജീവനക്കാരും ത്യാഗരാജനെ മാറ്റണമെന്നു ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തായിരുന്നു. ഘടകകക്ഷിയായ സിപിഐയും പ്രസിഡന്റിനെതിരെ നോട്ടീസ് പ്രചരണവും സമ്മേളനവും നടത്തിയിരുന്നു. ഔദ്യോഗിക പക്ഷക്കാരനായ ത്യാഗരാജന് അമ്പലപ്പുഴ ഏരിയ കമ്മറ്റിയംഗം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: