കാസര്‍കോട്: ജില്ലയില്‍ വ്യാപകമായി സ്വകാര്യ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണം. ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് ചീഫ് തുടങ്ങിയവര്‍ക്ക് മാത്രമാണ് നിലവില്‍ സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ അധികാരമുളളത്. എന്നാല്‍ കാസര്‍കോട് പിഎസ്സി ഓഫിസിലെ വാഹനം, നഗരസഭാ വാഹനം, ജില്ലാ പ്ലാനിങ് വകുപ്പ്, വ്യവസായ വകുപ്പ്, റവന്യു വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവരുടെ വാഹനങ്ങളാണ് നിയമത്തെ വെല്ലുവിളിച്ച് വിനോദ സഞ്ചാരത്തിനും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.
നേരത്തെ പരാതിയുണ്ടായപ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടിയെടുത്തിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലേക്ക് ആളുകളെ അനധികൃതമായി കൊണ്ടുവിടാന്‍ ഉപയോഗിച്ച റവന്യു വകുപ്പിന്റേതടക്കമുള്ള വാഹനങ്ങള്‍ നേരത്തെ വാണിജ്യ വകുപ്പ് പിടികൂടിയിരുന്നു. എന്നാല്‍ പരിശോധന അപ്രതീക്ഷിതമായി നിന്നതോടെ ജീവനക്കാര്‍ പഴയ പടി വാഹനം ഉപയോഗിക്കുന്നത് തുടരുകയാണ്. ഗ്രാമ പഞ്ചായത്തുകളുടെ വാഹനങ്ങളാണ് ഏറ്റവുമധികം അനാവശ്യമായി ഉയോഗിക്കുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. നേരത്തെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്‍ അനധികൃതമായി പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
മടിക്കൈ, പിലിക്കോട്, വലിയപറമ്പ്, അജാന്നൂര്‍ തുടങ്ങിയ മിക്ക പഞ്ചായത്തുകളിലും ഔദ്യോഗിക വാഹനങ്ങള്‍ കല്യാണാവശ്യത്തിനു വരെ ഓടുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ വാഹനം കാസര്‍കോട് നഗരത്തിലെ ബാറില്‍ സ്ഥിരം സന്ദര്‍ശനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരാതികള്‍ കുന്ന് കൂടുമ്പോഴും നടപടിയെടുക്കാന്‍ കഴിയാതെ കുഴയുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: