ഒരു കലണ്ടര്‍ വര്‍ഷം കൂടി വിസ്മൃതിയിലാകുമ്പോള്‍ ജില്ലയ്ക്ക് ഓര്‍ത്തുവയ്ക്കാന്‍ സന്തോഷവും സന്താപവും പകര്‍ന്ന സംഭവങ്ങളേറെ. ജില്ലയെ സംസ്ഥാനത്തിന്റെ തന്നെ വാര്‍ത്താ കേന്ദ്രമാക്കിയ മാസമായിരുന്നു നവംബര്‍. ഈ മാസത്തിലാണ് ജില്ലയെ നടുക്കിയ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടത്. കൂടാതെ മുഹമ്മ കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടം വീട്ടിലെ കൃഷ്ണപിള്ള സ്മാരകം കത്തിച്ചത് സ്വന്തം പാര്ട്ടിക്കാര് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും നവംബറിലായിരുന്നു. ഇതിന്റെ അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.
പകര്‍ച്ചവ്യാധികളുടെയെല്ലാം പ്രഭവകേന്ദ്രം ആലപ്പുഴ ജില്ലയാണെന്ന ദുഷ്പ്പേരു ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു പക്ഷിപ്പനി കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത് ആലപ്പുഴയിലാണെന്ന മാനക്കേടും ഇതോടെയായി. അമ്പതിനായിരത്തോളം താറാവുകള്‍ പക്ഷിപ്പനി ബാധിച്ച് ചത്തൊടുങ്ങിയപ്പോള്‍ രണ്ടര ലക്ഷത്തോളം താറാവുകളെ പനി പടര്‍ന്നുപിടിക്കാതിരിക്കാന്‍ കൂട്ടക്കുരുതി ചെയ്തു.
സിപിഎം ശക്തി കേന്ദ്രമായ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് പാര്‍ട്ടിക്കാരുടെ അറിവോടെയല്ലാതെ നടക്കില്ലെന്ന് നേരത്തെ തന്നെ പ്രചരണം ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നതരുടെ ഒത്താശയോടെ നടപ്പാക്കിയതാണെന്ന വസ്തുത സിപിഎമ്മിനെ അപമാനത്തിന്റെ പടുകുഴിയിലേക്ക് നയിച്ചു. സ്വന്തം തന്തയെയും തള്ളയെയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകള്‍ എന്ന് വിഎസ് ആണയിടുമ്പോഴും സഖാക്കള്‍ക്ക് പോലും വിഎസില്‍ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു.
കുട്ടനാട് പാക്കേജ് രണ്ടുവര്‍ഷം മുമ്പു തന്നെ യുപിഎ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞതും ഈ വര്‍ഷമാണ്. കുട്ടനാട്ടിലെ കര്‍ഷകരുടെയും ജനങ്ങളുടെയും സ്വപ്നമാണ് ഇതോടെ തകര്‍ന്നത്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ജനങ്ങളില്‍ നിന്ന് ഈ വിവരം മറച്ചുവച്ച് വഞ്ചിക്കുകയായിരുന്നു. ഏതാനും ചില പദ്ധതികളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്കിയെന്നതു മാത്രമാണ് ആശ്വാസം.
ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് എന്ന പാര്‍ട്ടി മൂന്നായി പിളര്‍ന്നതും ഈ വര്‍ഷത്തിലെ കണക്കില്‍പ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കെ.സി. വേണുഗോപാല്‍ കഷ്ടിച്ച് ജയിച്ചതും ചര്‍ച്ചാ വിഷയമായി. സരിത കേസില്‍ ആരോപണ വിധേയനായ വേണുഗോപാല്‍ കടുത്ത പ്രതിസന്ധിയിലായിരുന്നെങ്കിലും മാതാ അമൃതാനന്ദമയിയെ ആക്ഷേപിച്ച് കൈരളി ചാനല്‍ രംഗത്തുവന്നത് ഇടതു സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയാകുകയായിരുന്നു.
മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് ഭൂരിപക്ഷം ഉയര്‍ത്തിയതും ശ്രദ്ധേയമായി. ആലപ്പുഴയിലും മാവേലിക്കരയിലും ബിജെപിയും എന്‍ഡിഎയും മുന്നേറ്റം കാഴ്ചവച്ചു. സിപിഎം കോട്ടകള്‍ തകര്‍ത്ത് അണികള്‍ ബിജെപിയിലും സംഘം പരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകിയെത്തി തുടങ്ങിയതും 2014ന്റെ പ്രത്യേകതയാണ്.
സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ തളര്‍ത്തിയത് ജില്ലയുടെ സാമ്പത്തിക അടിത്തറയെ സാരമായി ബാധിച്ചു. കയര്‍ മേഖല പൂര്‍ണമായും നാശത്തിന്റെ വക്കിലായി കഴിഞ്ഞു. കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. ആരോഗ്യ മേഖലയിലും കാര്യമായ യാതൊരു പുരോഗതിയും നേടാന്‍ കഴിഞ്ഞില്ല. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്നും ശോച്യാവസ്ഥയില്‍ തന്നെ. നിലം നികത്തല്‍ അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും രൂക്ഷമായി തുടരുന്നു. ക്രമസമാധാന രംഗത്തും കാര്യമായ പുരോഗതി ഉണ്ടായില്ല. മോഷ്ടാക്കളും ബ്ലാക്ക്മാനും വിലസിയ വര്‍ഷമായിരുന്നു ഇത്. സിനിമാ മേഖലയില്‍ ജില്ലയുടെ അഭിമാനമായിരുന്ന ശശികുമാറും മുരളി നാഗവള്ളിയും ഓര്‍മ്മയായി മാറിയതും 2014ന്റെ നഷ്ടങ്ങളാണ്.
നേട്ടങ്ങളേക്കാള്‍ നഷ്ടങ്ങളാണ് 2014 ജില്ലയ്ക്ക് സമ്മാനിച്ചത്. വരും വര്‍ഷം ജില്ലയ്ക്ക് പ്രതീക്ഷകളുടേതാണ്. ദേശീയ ഗെയിംസിനുള്പ്പെടെ ആതിഥേയത്വം വഹിക്കുന്നതിലൂടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ജില്ലയ്ക്കുണ്ടാകുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: