കൊച്ചി: സുകൃതം നാരായണീയ മഹോത്സവം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സ്വാമി ഉദിത് ചൈതന്യാജിയുടെ നേതൃത്വത്തില്‍ ജനുവരി 3 മുതല്‍ 10വരെ നടക്കും.
സ്വച്ഛഭാരത് എന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച് സുകൃതം ഭാഗവത യജ്ഞസമിതി എറണാകുളത്തപ്പന് ഗ്രൗണ്ടും ഡി.എച്ച്. റോഡും ജനുവരി 1ന് ശുചീകരിക്കും.
ജനുവരി 2ന് രാവിലെ 5.30ന് ഗണപതിഹോമത്തോടെ യജ്ഞം ആരംഭിക്കും. വൈകുന്നേരം 5.30ന് യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര താലമേന്തിയ ഭക്തജനങ്ങളുടെ അകമ്പടിയോടെ എറണാകുളം ശിവക്ഷേത്ര സന്നിധിയില്‍നിന്നും യജ്ഞവേദിയിലേക്ക് പ്രയാണം ആരംഭിക്കും.
വൈകുന്നേരം 6 മണിക്ക് പുലിയന്നൂര്‍ തന്ത്രി മുരളീനാരായണന് നമ്പൂതിരിപ്പാടിന്റെയും എറണാകുളം ശിവക്ഷേത്ര മേല്‍ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠയും ധ്വജാരോഹണവും തുടര്‍ന്ന് അന്നദാനത്തിനുള്ള ദ്രവ്യ സമര്‍പ്പണത്തിലൂടെ ഭക്തജനങ്ങള്‍ക്ക് കലവറ നിറയ്ക്കല്‍ ചടങ്ങും ഒരുക്കിയിട്ടുണ്ട്.
3ന് രാവിലെ 8 മണിക്ക് കുട്ടികള്‍ക്കായി നാരായണീയ പാരായണമത്സരം നടക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സഭയില്‍ സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഭദ്രദീപം തെളിയിക്കും. കേന്ദ്രമന്ത്രി ജൂയല്‍ ഓറം, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്, കെ.വി. തോമസ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. 4ന് ഈവര്‍ഷത്തെ സപ്താഹ സന്ദേശമായ മദ്യത്തില്‍നിന്ന് മന്ത്രത്തിലേയ്ക്ക് – മദ്യമെന്ന സമൂഹവിപത്തിനെക്കുറിച്ചുള്ള ചര്‍ച്ച.
6ന് കലാകാരന്മാരെ ആദരിക്കല്‍. സഭയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 7ന് ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സാ ധനസഹായ വിതരണം. 8ന് സമൂഹവിവാഹം. 10ന് സമാപനസഭയില്‍ സുകൃതം ഭാഗവത പുരസ്കാരസമര്‍പ്പണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: