കൊച്ചി: ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 4 മുതല്‍ 15 വരെ ആഘോഷിക്കും. നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് ജനുവരി നാലിന് വൈകിട്ട് 4 മണിക്ക് ശ്രീമഹേദേവനും, ശ്രീപാര്വ്വതിദേവിക്കും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും ആരംഭിക്കും. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കകിരീടം, തിരുമുഖം എന്നിവ ഉള്‍പ്പെടെയുള്ള തിരുവാഭാരണങ്ങള്‍ മനയിലെ കാരണവര്‍ ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്നുള്ള ആചാരങ്ങള്‍ക്കുശേഷം താലം, പൂക്കാവടി, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്രത്തിലെത്തിയശേഷം ആചാരപരമായ രീതിയില്‍ നടതുറപ്പു ചടങ്ങുകള്‍ക്കുശേഷം രാത്രി 8 മണിക്ക് ശ്രീപാര്‍വ്വതിദേവിയുടെ നടതുറക്കും.
നടതുറപ്പ് മഹോത്സവത്തിനെത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം നിരവധികാര്യങ്ങളാണ് ക്ഷേത്രട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. 50,000 പേര്‍ക്ക് സുരക്ഷിതമായി ക്യൂ നല്ക്കുന്നതിന് 20,000 ചതുരശ്രമീറ്റര്‍ വലിപ്പത്തിലുള്ള പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ക്യൂ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് മെഡിക്കേറ്റര് വാട്ടര്‍ നല്‍കുന്നതിന് 150 ഓളം വാളണ്ടിയേഴ്സ് സജീവമായി പ്രവര്‍ത്തിക്കുന്നു. 1500 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യുന്നതിന് 4 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് ദക്ഷിണറെയില്‍വേ ആലുവായില്‍ നിരവധി ട്രെയിനുകള്‍ക്ക് ഉത്സവദിനങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ രണ്ട് താല്‍ക്കാലിക് സ്റ്റാന്റുകളും ക്ഷേത്രപരിസത്ത് പ്രവര്‍ത്തിക്കും. ഭക്തജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആലുവ റൂറല്‍ എസ്പിയുടേയും പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ ഇരുന്നൂറ്റി അന്‍പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
ക്ഷേത്രത്തിലും പരിസരത്തും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിച്ച് മുഴുവന്‍ സമയവും നിരീക്ഷണം നടത്തുവാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇരുന്നൂറ്റി അമ്പതോളം പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളുടേയും, ഇരുന്നൂറോളം വാളണ്ടിയേഴ്സിന്റെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദര്‍ശനത്തിനായി എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് 12 ദിവസവും ക്ഷേത്രട്രസ്റ്റിന്റെ വകയായി അന്നദാനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആലുവ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ഉണ്ടായിരിക്കും. ആതുര ശുശ്രൂഷയ്ക്കായി എറണാകുളം ലക്ഷ്മി ആശുപത്രിയുമായി സഹകരിച്ചുള്ള ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ സേവനവും ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സൗജന്യ ഹോമിയോ, ആയുര്‍വ്വേദ ക്ലിനിക്കുകളുടേയും സേവനം ലഭിക്കുന്നതാണ്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ സേവനവും 12 ദിവസം ലഭ്യമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഫയര്‍ഫോഴ്സ് യൂണിറ്റുകളും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
ദേവീപ്രസാദമായ അരവണ പായസവും, അവില് നിവേദ്യവും ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം വാങ്ങുന്നതിന് വിപുലമായ കൗണ്ടര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ശ്രീ മഹാദേവനും ശ്രീപാര്‍വ്വതിദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഈ ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള് മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുകയുള്ളു എന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനായി എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: