കൊച്ചി: ഗിന്നസ് ബുക്കിലേക്ക് കയറാന്‍ വളരുകയാണ് ഈ സാന്താക്ലോസ്. ഏലൂര്‍ മഞ്ഞുമ്മലില്‍ ഉയര്‍ന്നു നില്ക്കുന്ന സാന്താക്ലോസ് (ക്രിസ്മസ് പാപ്പ) യുടെ ഉയരം 60 അടിയാണ്. ഈ പാപ്പയുടെ പിറവിക്ക് പിന്നില്‍ കുറേ ചെറുപ്പക്കാരുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. അതുകൂടിച്ചേരുമ്പോഴേ പാപ്പയുടെ പ്രാധാന്യം വ്യക്തമാകൂ.
മുപ്പത്തഞ്ചു ദിവസം, മുപ്പതിലേറെ പേര്, അവര്‍ ചേര്‍ന്നാണ് സാന്തായെ പൊക്കിയത് ഇത്രയും ഉയരത്തില്‍. പലരും പകല്‍ ജോലിക്ക് പോകുന്നവര്‍. രാത്രിയിലാണ് ഇവര്‍ പാപ്പാഞ്ഞിക്ക് രൂപം കൊടുത്തത്. തലേന്ന് വൈകിട്ടുവരെയുള്ള ജോലി കഴിഞ്ഞു തുടങ്ങി പിറ്റേന്ന് വെളുപ്പിന് നാല് മണിവരെയൊക്കെ പാപ്പാ നിര്‍മ്മാണം നീണ്ടുപോയ ദിനങ്ങളുമുണ്ട്.
ഗോലിയാത്തിനെപ്പോലെ വലിയ വലുപ്പത്തില്‍ ഈ പാപ്പയെ നിര്‍മ്മിക്കാന്‍ 35 അടയ്ക്കാ മരങ്ങള്‍, 45 വലിയ മുളകള്‍ എന്നിവകൊണ്ട് ആദ്യം ചട്ടക്കൂടുണ്ടാക്കി. 700 കിലോ ഇരുമ്പ് പൈപ്പ്, 220 സ്ക്വയര്‍ മീറ്റര്‍ ചുവന്ന കോട്ടണ്‍ തുണി, 35 കോറിയേറ്റഡ് ഷീറ്റ്, ഒന്നര ഇഞ്ച് കനമുള്ള തെര്‍മോകോള്‍ 30 എണ്ണം, അഞ്ച് ലിറ്റര്‍ പെയിന്റ്, 40 കിലോ ചകിരിക്കയര്‍, പത്ത് കിലോ പഞ്ഞി, ഒരു ലോറി പുല്ല് ഇവയാണ് സാന്താക്ലോസിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്.
മഞ്ഞുമ്മല്‍ കോസ്മോ ക്ലബ് അംഗങ്ങളാണ് 60 അടി ഉയരവും 19 അടി വീതിയുമുള്ള സാന്താക്ലോസ് ഒരുക്കിയത്. ക്ലബ് അംഗമായ വിഷ്ണു ശ്യാമളന്റേതാണ് രൂപകല്പന. ജോയ്സണ്‍ ജോണ്സണ് ആണ് ഫാബ്രിക്കേഷന്‍ ജോലികള്‍ നിര്‍വഹിച്ചത്. ക്ലബ് അംഗങ്ങള്‍ തന്നെയാണ് ഇതിനുള്ള ഫണ്ട് സ്വരൂപിച്ചതും. ഏകദേശം 60,000 രൂപയാണ് നിര്‍മാണത്തിന് ചെലവായി.
സാന്തായുടെ താടിയുണ്ടാക്കാന് മാത്രം വേണ്ടിവന്നു ആറ് കിലോ പഞ്ഞി. ഒരു ദിവസത്തെ അദ്ധ്വാനം ചെയ്താണ് തലയുറപ്പിച്ചതെന്ന് വിഷ്ണു പറയുന്നു. തലയ്ക്കുമാത്രമുണ്ട് 19 അടി നീളവും 10 അടി വീതിയും. ജയകൃഷ്ണന്, ഷിജു, ജോമോന് ജോസഫ്, രഞ്ജിത് മാനസന്, ടോണി പീറ്റര്‍, മനോജ്കുമാര്‍, സൂരജ്, സുരേഷ്, ജോണ്സണ്, നവനീത്, അജയ് കൃഷ്ണന് എന്നിവരാണ് സാന്തയുടെ നിര്‍മാണത്തിനു പ്രയത്നിച്ചത്. കഴിഞ്ഞ വര്‍ഷം ഇവര്‍ നിര്‍മ്മിച്ച പാപ്പക്ക് 32 അടി ആയിരുന്നു പൊക്കം.
ഈ പാപ്പയ്ക്ക് ലിംക ബുക് ഓഫ് റെക്കോഡ്സില്‍ ഇടം കിട്ടുമോ എന്നു നോക്കുകയാണ് ക്ലബംഗങ്ങള്‍. ഇതിനുള്ള ശ്രമങ്ങള്‍ക്കു ഫലം കാത്തു കഴിയുകയാണവര്‍. ജനുവരി 20-ാം തീയതിക്കുള്ളില്‍ ഭീമന് പാപ്പയെ കാണാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ എത്തുമെന്നാണ് കരുതുന്നത്. അതുവരെ മഴ പെയ്ത് സംഗതികള്‍ കുളമാക്കരുതേ എന്നാണിപ്പോള്‍ ഇവരുടെ പ്രാര്‍ത്ഥന. പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് പാപ്പാനിയെ അഗ്നിക്കിരയാക്കുകയുമാണ് പതിവ്. എന്നാല്‍ ഈ ഭീമന് സാന്ത പുതുവര്‍ഷം കഴിഞ്ഞും മഞ്ഞുമ്മല്‍-ചേരാനല്ലൂര്‍ ഫെറി റോഡിന് സമീപം നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: