മാരാരിക്കുളം: യാത്രക്കാരന് മര്‍ദ്ദിച്ചെന്ന പരാതിയുമായി മാരാരിക്കുളം പോലീസ് സ്റ്റേഷനിലെത്തിയ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ പോലീസുകാരന് ക്രൂരമായി മര്‍ദ്ദിച്ചു. കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് പ്രസിഡന്റുമായ മരുത്തോര്‍വട്ടം ശ്രീനിലയത്തില്‍ ഉണ്ണികൃഷ്ണനെ (36)യാണ് മാരാരിക്കുളം സ്റ്റേഷനിലെ പോലീസുകാരനായ സേവ്യര്‍ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ കലവൂര്‍ ബ്ലോക്ക് ജങ്ഷന് സമീപം ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസിലെ കണ്ടക്ടറായ ഉണ്ണികൃഷ്ണനെ യാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഓടിപ്പോയ വിദ്യാര്‍ത്ഥിയെ യാത്രക്കാര്‍ പിടികൂടുകയും ബസില്‍ തന്നെ മാരാരിക്കുളം സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിയെ പോലീസിലേല്പിച്ച ശേഷം യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിടുന്നതിനായി പുറത്തേക്കിറങ്ങിയ കണ്ടക്ടറെ പോലീസുകാരന് മര്‍ദ്ദിക്കുകയായിരുന്നു. സിവില്‍ ഡ്രസിലായിരുന്നു പോലീസുകാരന്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അവശനായ ഇയാളെ സഹപ്രവര്‍ത്തകരായ ജീവനക്കാര്‍ എത്തി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
സംഭവം വിവാദമായതോടെ പോലീസുകാരനെ ന്യായീകരിച്ച് എസ്ഐ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണനെ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് സന്ദര്‍ശിച്ചു. കുറ്റക്കാരനായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: