കല്‍പ്പറ്റ: മാവോവാദി ആക്രമണ ഭീഷണി വയനാട്ടില്‍ വിനോദസഞ്ചാരമേഖലയെ തളര്‍ത്തുന്നു. ക്രിസ്തുമസ് അവധിക്കാലത്ത് മുന്‍ വര്‍ഷത്തേതിനു വിപരീതമായി ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നു സഞ്ചാരികളുടെ ഒഴുക്കില്ല. വനവുമായി അതിരുപങ്കിടുന്ന റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പല സ്ഥാപനങ്ങളിലും ബുക്കിംഗ് റദ്ദാക്കലും തുടരുന്നു. ഇത് ടൂറിസം മേഖലയില്‍ വന്‍ നിക്ഷേപം നടത്തിയവരെ അങ്കലാപ്പിലാക്കി.
വടക്കേ വയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ടില്‍ നവംബര്‍ 18ന് രാത്രി മാവോവാദികളെന്നു കരുതുന്ന സംഘം ആക്രമണം നടത്തിയിരുന്നു. സംഘം അതിഥികളെ ഉപദ്രവിച്ചില്ലെങ്കിലും റിസോര്‍ട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തി. മാവോവാദി അനുകൂല പോസ്റ്ററുകളും പതിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത കേരളത്തിനുപുറത്ത് ഇംഗ്ലീഷ് ദിനപ്പത്രങ്ങളില്‍ പ്രാധാന്യത്തോടെയാണ് ഇടംപിടിച്ചത്.
മാവോവാദി സാന്നിധ്യവും ഇടപെടലുകളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പോലീസ് ഇന്റലിജന്‍സ് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ വിവരങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തകളായി. മാവോവാദികള്‍ വനാതിര്‍ത്തിയിലെ റിസോര്‍ട്ടുകള്‍ ആക്രമിച്ച് സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ബന്ദികളാക്കാനും ഇടയുണ്ടെന്നുപോലും കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഡിസംബര്‍ ഏഴിന് വടക്കേ വയനാട് വനം ഡിവിഷനിലെ കുഞ്ഞോത്തിനടുത്ത് മാവോവാദികളും കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയത്. ഈ സംഭവത്തിന്റെ ചൂടാറുംമുമ്പ് ഡിസംബര്‍ 21ന് രാത്രി കുഞ്ഞോം ഫോറസ്റ്റ് ഔട്ട്പോസ്റ്റിനുനേരേ മാവോവാദി ആക്രമണം ഉണ്ടായി.
ഈ പശ്ചാത്തലത്തില്‍ റിസ്ക് എടുത്ത് വയനാട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ സമ്പന്ന സഞ്ചാരികള്‍ തയാറാകാത്തതാണ് ടൂറിസം മേഖലയ്ക്ക് പ്രഹരമായത്. വിദേശികളടക്കം സഞ്ചാരികള്‍ എത്തിയിരുന്ന അഗ്രഹാരം റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം മാവോവാദി ആക്രമണത്തോടെ നിലച്ചതാണ്. ഇതിനടുത്ത് 10 മുറികളും രണ്ട് ഡോര്മിറ്ററികളുമുള്ള കെ.ടി.ഡി.സി വക ഹോട്ടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 24 ബുക്കിംഗുകള്‍ റദ്ദായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: