ആലപ്പുഴ: വാട്ട്സ്ആപ്പിലൂടെ പരിചയപ്പെട്ട യുവാവിന് സഹായഹസ്തവുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാര്‍ഡ് നെടുങ്കണ്ടത്തില്‍ വീട്ടില്‍ പരേതനായ പാര്‍ത്ഥന്റെയും ഷൈലജയുടെയും മകന് ജയദേവ (24)നാണ് വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തുകള്‍ ചികിത്സാസഹായം നല്‍കിയത്. വൃക്കകള്‍ തകരാറിലായ ജയദേവന് ഇപ്പോള്‍ എറണാകുളത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തമാസം മുതല്‍ ജയദേവന് ഡയാലിസ് തുടങ്ങണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ജയദേവന്റെ അച്ഛന് പാര്ത്ഥന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ പിടിപെട്ട് മരിച്ചു. അമ്മ എസ്എല്‍പുരം പോസ്റ്റ് ഓഫീസിലെ മഹിളാപ്രധാന്‍ ഏജന്റാണ്. സഹോദരന് ജഗദീഷിന്റെ ചെറിയ വരുമാനം മാത്രമാണ് ജയദേവന്റെ ചികിത്സയ്ക്കായി വിനിയോഗിക്കുന്നത്. എന്നാല്‍ ഈ തുക മതിയാകാതെ കുടുംബം കടുത്ത വിഷമത്തില്‍ കഴിയുമ്പോഴാണ് വെബ് സൗഹൃദം യുവാവിന് താങ്ങായി എത്തിയത്.
വാട്ട്സ്ആപ്പിലെ ‘കളിയും ചിരിയും’ ഗ്രൂപ്പ് ചികിത്സാസഹായമായി 70,000 രൂപ കൈമാറി. യുഎസ്എ, സൗത്ത് ആഫ്രിക്ക, ഒമാന്‍, ഇംഗ്ലണ്ട്, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ എന്നിവരടക്കം 56 പേരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. ഗ്രൂപ്പംഗങ്ങള്‍ ആരും ഇതുവരെ നേരില്‍ കണ്ടിട്ടില്ല എന്നതാണ് വലിയ പ്രത്യേകത. ചേര്‍ത്തല സ്വദേശിയായ പി. ജ്യോതിസാണ് ഗ്രൂപ്പ് അഡ്മിന്. ഇദ്ദേഹത്തിലൂടെയാണ് ഗ്രൂപ്പംഗങ്ങള്‍ പരിചയപ്പെട്ടത്. ഗ്രൂപ്പിലെ അംഗമായ തിരുവനന്തപുരം വൈദ്യുതിഭവനിലെ ജീവനക്കാരനായ യോഹന്നാന് ചാണ്ടിയും സുഹൃത്തുക്കളും 25,000 രൂപയും കോഴിക്കോട് ഭീമ ജുവലേഴ്സ് 5,000 രൂപയും നല്കി.
ഗ്രൂപ്പംഗങ്ങള്‍ എല്ലാവരും കഴിഞ്ഞ ദിവസം ജയദേവന്റെ വീട്ടിലെത്തി അമ്മ ഷൈലജയ്ക്ക് ചികിത്സാസഹായം കൈമാറി. തുടര്‍ന്നുള്ള ചികിത്സകള്‍ക്ക് സഹായിക്കാമെന്ന ഉറപ്പും അംഗങ്ങള്‍ നല്കി. തുടര്‍ന്ന് പാതിരാമണലില്‍ ക്രിസ്മസ്പുതുവത്സര ആഘോഷവും നടത്തിയാണ് ഗ്രൂപ്പംഗങ്ങള്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: