കരുനാഗപ്പള്ളി: മണിക്കൂറുകളോളം ഒരു നാടിനെയും നാട്ടുകാരെയും ദുരന്തത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കരുനാഗപ്പള്ളി പുത്തന്‍തെരുവ് പാചകവാതക ടാങ്കര്‍ലോറി അപകടം നടന്നിട്ട് 31ന് അഞ്ചുവര്‍ഷം പൂര്ത്തികുന്നു. രക്ഷാപ്രവര്‍ത്തകരായ 12 പേര്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന് ഹോമിക്കേണ്ടി വന്നത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദുരന്തത്തില്‍ 12 രക്ഷാപ്രവര്‍ത്തകര്‍ മരിക്കുന്നത്. ദുരന്തം നടന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ നാലുപേര്‍ മരിച്ചു. അപകടത്തില്‍ പരിക്കു പറ്റിയ 21 പേരില്‍ എട്ടു പേര് കൂടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
2009 ഡിസംബര്‍ 31ന് പുലര്‍ച്ചെ നാലിനാണ് പുത്തന്‍ തെരുവില്‍ അപകടമുണ്ടാകുന്നത്. മംഗലാപുരത്തു നിന്നും പാരിപ്പള്ളിയിലേക്ക് 18 ടണ്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറിയും എതിര് ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ച് ടാങ്കര്‍ റോഡില്‍ കുറുകെ മറിയുകയായിരുന്നു. വീഴ്ചയില്‍ ടാങ്കറിനു ചോര്‍ച്ചയുണ്ടായി സ്ഫോടനം നടക്കുകയായിരുന്നു. ടാങ്കറിലുണ്ടായ സ്ഫോടനം കിലോമീറ്ററുകളോളം ദൂരം വരെ കേള്‍ക്കാമായിരുന്നു.
ടാങ്കറിന്റെ മുകള്‍ഭാഗത്തേക്ക് സ്ഫോടനം നടന്നതിനാല്‍ തീജ്വാല മുകളിലേക്ക് പോയി. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായകമായി. വശങ്ങളിലേക്കായിരുന്നു സ്ഫോടനം നടന്നിരുന്നതെങ്കില്‍ ഒരു നാടു മുഴുവന്‍ വെണ്ണീറാകുമായിരുന്നു. എന്നിട്ടും 13 കടകളും ഏതാനും വീടുകളുടെ ഭാഗങ്ങളും അന്‍പതോളം ബൈക്കുകളും ഒരു പോലീസ് ജീപ്പും തീജ്വാലയില്‍ കത്തി ചാമ്പലായി.
ചവറ പോലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ സുനില്‍ കുമാര്‍, കോണ്‍സ്റ്റബിള്‍ പ്രദീപ്കുമാര്‍, ഫയര്‍ഫോഴ്സ് കായംകുളം യൂണിറ്റിലെ ഫയര്മാന് ഒ. സമീര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരിച്ചവരില്‍പ്പെടുന്നു. ടാങ്കറില്‍ നിന്നും പാചകവാതകം ചോര്‍ന്നപ്പോള്‍ അടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്തതിനാലോ ആരെങ്കിലും മൊബൈല്‍ ഫോണ്‍ പ്രവര്ത്തിപ്പിച്ചതിനാലോ ആണ് തീപിടുത്തമുണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എണ്ണക്കമ്പനിയില്‍ നിന്നും ലഭ്യമാക്കിയ 11 ലക്ഷം രൂപയാണ് നഷ്ടം പരിഹാരം നല്‍കിയത്. എങ്കിലും അവസാനം മരണപ്പെട്ട ആസാം സ്വദേശി പിങ്കു ദാസിന് ആറുലക്ഷം രൂപ മാത്രമേ നല്കിയുള്ളൂ.
ടാങ്കര്‍ ലോറി ഡ്രൈവര്‍, ലോറി ഉടമ, എണ്ണക്കമ്പനിയിലെ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അന്നത്തെ ചീഫ് സെക്രട്ടറി നീലാഗംഗാധരന് സ്ഥലം സന്ദര്‍ശിച്ച് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അതിലെ നിര്‍ദേശങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. തന്നെയുമല്ല ദേശീയപാതയിലൂടെ അപകടഭീതി വിതച്ച് ടാങ്കര്‍ ലോറികള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടുമിരിക്കുന്നു. അപകടത്തില്‍ പൊള്ളലേറ്റ് അവശേഷിച്ചവര്‍ ജീവിതം മുമ്പോട്ടു കൊണ്ടു പോകുന്ന ദുരിതത്തിലാണ് ഇപ്പോള്‍. നിസാര പരിക്കേറ്റവര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും ഒരേ തുകയാണ് ധനസഹായമായി ലഭിച്ചത്. അതിനാല്‍ ഗുരുതരമായ പരിക്കേറ്റവര്‍ക്ക് ലഭിച്ച ധനസഹായം അവരുടെ ചികിത്സയ്ക്ക് പോലും തികഞ്ഞില്ല.
ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും സ്ഥലവാസികള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലെ നിര്‍ദ്ദേശങ്ങളെല്ലാം തൃണവല്‍കരിച്ച് ടാങ്കര്‍ വാഹനങ്ങളുടെ നിയമലംഘനം ഇപ്പോഴും തുടരുകയാണ്. മംഗലാപുരം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലെ ഓഫീസര്‍ വിനോദ് സംഗ, മലപ്പുറം ചേരാളി ഐ.ഒ.സി യിലെ ഓപ്പറേറ്റിംഗ് ഓഫീസര്‍ പുനീത് മര്ദേഷണര്, നാമക്കല്‍ സ്വദേശികളായ ടാങ്കര്‍ ലോറി ഉടമ കെ. സെന്തില്‍കുമാര്‍, ഡ്രൈവര്‍ സിദ്ധേശ്വരന്‍ എന്നിവരാണ് പ്രതികള്‍. ഉദ്യോഗസഥരുടെ അനാസ്ഥയും വാഹനത്തിന്റെ പഴക്കവുമാണ് അപകടത്തിന് വഴിവച്ചതെന്നു വ്യക്തമാക്കിയുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്.
1884ലെ എക്സ്പ്ലോസീവ് ആക്ട് സെക്ഷന്‍ 9എ, 1981ലെ സ്റ്റാറ്റിക് ആന്റ് മൊബൈല്‍ പ്രഷര്‍ വെസ്സല്‍സ് (അണ്ഫയേഡ്) റൂള്‍സ് എന്നിവപ്രകാരമാണ് പ്രതികള്‍ക്ക് ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിരിക്കുന്നത്.
ദുരന്തത്തില്‍ മരിച്ച ചവറ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചെറിയഴീക്കല്‍ ആലുംമൂട് വീട്ടില്‍ സുനില്‍കുമാറിന്റേയും കോണ്‍സ്റ്റബിള്‍ ചവറ കോട്ടയ്ക്കകം വിളയ്ക്കാട്ട് വീട്ടില്‍ പ്രദീപ്കുമാറിന്റേയും സ്മരണ പുതുക്കാന്‍ ചവറ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: