ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ഭഗവാന് ഔഷധഗുണമുള്ള കളഭത്തില്‍ ആറാട്ട്. പാതാളാഞ്ജനശിലയില്‍ അമൂല്യമായ കളഭം. നിറഞ്ഞൊഴുകുന്ന സുദിനമാണ്. വര്‍ഷത്തിലൊരു ദിവസം നടക്കുന്ന ഈ കളഭാട്ടമഹോത്സവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ ഊരാളന്മാര് നടത്തിയിരുന്ന ഈ ആഘോഷം അനേകവര്‍ഷങ്ങളായി സാമൂതിരിപ്പാടിന്റെ വക വഴിപാടായാണ് നടത്തുന്നത്.
മണ്ഡലം ഒന്നു മുതല്‍ 40 ദിവസം പഞ്ചഗവ്യാഭിഷേകം നടത്തിയതിനൊടുവില്‍ ചൈതന്യവത്തായ ബിംബത്തില്‍ കളഭം ഉറഞ്ഞൊഴുകുമ്പോള്‍ ആയിരങ്ങളാണ് ഇത് ദര്‍ശിക്കാന്‍ ക്ഷേത്രത്തിലെത്തുക. ഇവിടെ എന്നും കളഭാട്ട ചാര്ത്തുണ്ടെങ്കിലും ഈ ദിനത്തിലെ കളഭാട്ടത്തിന് പ്രത്യേകതകളേറെയാണ്. പതിവായി ചന്ദനത്തില്‍ ചേര്‍ക്കുന്ന കുങ്കുമത്തിനും പച്ചകര്പ്പൂരത്തിനും പനിനീരിനും പുറമെ കസ്തൂരി കൂടി ഉപയോഗിക്കുന്നു. 40 ഉരുളയ്ക്കടുത്ത് കളഭമാണ് കളഭാട്ടത്തിനായി കരുതുന്നത്. ഇതിന്റെ ഒരുക്കത്തിനായയി ശാന്തിക്കാര്‍ പുലര്‍ച്ചെ തന്നെ ക്ഷേത്രത്തില്‍ എത്തും. താന്ത്രിയാണ് രാവിലെ 11 മണിയോടെ പൂജിച്ച കളഭം ഭഗവാന് അഭിഷേകം ചെയ്യുക. പിറ്റേന്ന് നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന് ഈ കളഭത്തിലാറാടി ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയും. ഈ ദിനത്തില്‍ ക്ഷേത്രവും ക്ഷേത്രപരിസരവും കളഭസുഗന്ധത്താല് പൂരിതമാകും.
ഗുരുവായൂരിലെ മണ്ഡല മഹോത്സവകാലത്തിന്റെ സമാപനം കുറിക്കുന്ന ചടങ്ങാണ് കളഭാട്ടം. അതിപ്രാചീനകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നതാണ് മണ്ഡലവിശേഷ വഴിപാടുകള്‍. വൃശ്ചികം 1 മുതല്‍ ധനു 11 വരെയാണിത്. ഇടുതുടി, വീരാണം എന്നിവയുടെ അകമ്പടിയില്‍ ശീവേലി നടക്കുന്നത് ഇക്കാലത്താണ്. രാവിലേയും രാത്രിയുമായി 30 ദിവസമാണ് വിശേഷാല്‍ എഴുന്നള്ളിപ്പുകള്‍ ഉണ്ടായിരുന്നു. ഒരു ഉത്സവത്തിന് കളഭാട്ടത്തോടെ പരിസമാപ്തിയാകുമ്പോള്‍ ലക്ഷങ്ങളാണ് ദര്ശനസായൂജ്യമടയുന്നത്.
കളഭാട്ടദിനത്തിലെ ദര്‍ശനത്തിന് പ്രത്യേകതകളേറെയാണ്. ഉത്സവകാലത്ത് സഹസ്രകലശത്തിലൂടെ ഭഗവത്ചൈതന്യം വര്‍ദ്ധിക്കുമ്പോള്‍ മണ്ഡലകാലത്തെ പഞ്ചഗവ്യാഭിഷേകമാണ് ചൈതന്യാതിപ്രസരം വിതറുന്നത്.
40 ദിവസത്തെ പഞ്ചഗവ്യത്തിനൊടുവിലാണ് ഈ കളഭാട്ടം. ഗോമൂത്രം, ചാണകം, പാല്, തൈര്, നെയ്യ് എന്നിവ പ്രത്യേക അനുപാതത്തില്‍ എടുത്ത് പൂജിച്ച ഈ പഞ്ചഗവ്യം ഓതിക്കന്മാരാണ് അഭിഷേകം ചെയ്തിരുന്നത് .കുങ്കുമാദി പ്രസരമുള്ള സ്വര്‍ണ്ണ വര്‍ണ്ണ ശോഭിതമായ ഈ കളഭം കഴിക്കുന്നതും നെറ്റിയില്‍ തൊടുന്നതും ശ്രേഷ്ഠമാണ്. ഇത് ലഭിക്കാനായി ഭക്തജനസഹസ്രങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തുക.
കളഭാട്ടദിനത്തില്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റേതാണ് ഉത്സവാഘോഷം. വര്‍ഷംതോറും നടക്കാറുള്ള കളഭാട്ടമഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍ ബാങ്ക് ജീവനക്കാര്‍ നടത്തിയിട്ടുണ്ട് . വിശേഷാല്‍ എഴുന്നെള്ളിപ്പുകള്‍ക്ക് പ്രശസ്തിയുള്ള ഗജവീരന്മാരും മേളക്കൊഴുപ്പേകാന്‍ പ്രമാണിമാരും നിരക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കൃഷ്ണസന്നിധി ഉത്സവലഹരിയിലാണാറാടും.ഉച്ച കഴിഞ്ഞ് 3.30 ന് പഞ്ചവാദ്യത്തോടെ കാഴ്ച ശീവേലി.സന്ധ്യക്ക് തായമ്പക.രാത്രി മേളത്തോടെ വിളക്കെഴുന്നള്ളിപ്പ്.ഇന്ന് രാവിലെ 11 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 3 നു നിര്‍മ്മാല്യ സമയം വരെ കളഭത്തിലാറാടിയ ഭഗവാനെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും.കളഭം ഭക്തര്‍ക്ക് ഞായറാഴ്ച വിതരണം ചെയ്യും. എന്നും ഉപയോഗിക്കുന്നതിലും ഇരട്ടിയാണ് ഈ ദിനത്തിലെ കളഭക്കൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: