അന്തിക്കാട്: തൃപ്രയാര്‍ കിഴക്കെ നടയില്‍ നിന്നും കണ്ടെടുത്ത യുവതിയെ തിരിച്ചറിഞ്ഞു. മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. പ്രതി പിടിയില്‍. ചിയ്യാരം മുരിങ്ങാത്തേരി പോളിന്റെ മകള്‍ സോയ (39) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സോയയുമായി നാലുവര്‍ഷമായി ഒപ്പം താമസിക്കുന്ന വടൂക്കര വലിയവീട്ടില്‍ ആന്റോയുടെ മകന് സ്റ്റീഫന്‍ (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ പതിനൊന്നിനാണ് യുവതിയുടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ് തിരിച്ചറിയാനാവാത്തവിധം കണ്ട യുവതിയെ ആത്മഹത്യയാണെന്ന് കരുതി സംസ്കരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അയ്യന്തോളില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്ന സോയ ഏറെക്കാലം ബാലന് എന്നയാളുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതില്‍ എട്ട്, നാലര വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. നാലുവര്‍ഷം മുമ്പ് ബാലന് മരിച്ചു. ഇതിനിടെയാണ് സ്റ്റീഫനുമായി സോയ പരിചയപ്പെടുന്നത്. തുടര്‍ന്ന് രണ്ടുകുട്ടികളും സോയയും സ്റ്റീഫനും ഒരുമിച്ച് താമസിക്കുകയായിരുന്നു. സ്റ്റീഫനുമായുള്ള ബന്ധത്തില്‍ സോയക്ക് ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. കൂടാതെ ആറുമാസം ഗര്‍ഭിണികൂടിയാണ് സോയ. സ്റ്റീഫന്റെ പേരിലുള്ള വസ്തു സോയയുടേയും കുട്ടികളുടേയും പേരിലാക്കണമെന്നാവശ്യപ്പെട്ട് സോയ നിരന്തരമായി സ്റ്റീഫനെ ശല്യപ്പെടുത്തിയതായി പറയുന്നു. ഇത് ഒഴിവാക്കുന്നതിനായാണ് കൊലപാതകത്തിന് സ്റ്റീഫന്‍ പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ പത്തിന് ഒരു വിരുന്നുസല്ക്കാരത്തില് പങ്കെടുത്ത് മടങ്ങവെ ഐസ്ക്രീം വാങ്ങി താമസ സ്ഥലത്തെത്തി.
ഐസ്ക്രീമില് ഉറക്കഗുളിക പൊട്ടിച്ച് ചേര്‍ത്തശേഷം സോയക്ക് നല്കി. ഏറെ നേരത്തിന് ശേഷം സോയ അബോധാവസ്ഥയിലായപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി. ഒപ്പം കുട്ടികളും ഉണ്ടായിരുന്നു. തൃപ്രയാര്‍ പാലത്തിനടുത്തുവെച്ച് ഓട്ടോറിക്ഷ മാറ്റി കുട്ടികളെ അതില്‍ ഇരുത്തിയശേഷം അമ്മയെ ആശുപത്രിയിലാക്കുകയാണെന്ന് പറഞ്ഞ് എടുത്ത് പാലത്തിന്റെ അടുത്ത് കൊണ്ടുപോയി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം കുട്ടികള്‍ മയക്കത്തിലായിരുന്നു. സംഭവത്തിന് ശേഷം പിറ്റേന്ന് കുട്ടികളെയും കൊണ്ട് മായന്നൂരിനടത്തുള്ള അനാഥാലയത്തില്‍ കൊണ്ടാക്കുകയായിരുന്നു. കുട്ടികളുടെ അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പം പോയി എന്നാണ് അനാഥാലയം അധികൃതരോട് പറഞ്ഞത്. സ്റ്റീഫനോടൊപ്പം ഇയാളുടെ അമ്മയും ഉണ്ടായിരുന്നതായി സൂചനയുണ്ട്.
കുട്ടികളെ അനാഥാലയത്തില്‍ ആക്കിയ ശേഷം ഇയാള്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എം.വര്‍ഗ്ഗീസ്, ചേര്‍പ്പ് സിഐ കെ.സി.സേതു, അന്തിക്കാട് എസ്ഐ കെ.എല്അഗസ്തി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: