കിഴക്കമ്പലം: സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രന് ചെയര്‍മാനായി രൂപീകരിച്ച 11അംഗ നിയമസഭാസമിതി അശാസ്ത്രീയമായ സിറ്റിംഗിലൂടെ അടിച്ചുമാറ്റിയ ലക്ഷങ്ങളുടെ തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി കുന്നത്തുനാട് മണ്ഡലം കമ്മറ്റി സെക്രട്ടറി മനോജ് മനക്കേക്കര ആവശ്യപ്പെട്ടു.
ചെയര്‍മാനെ കൂടാതെ എ.പി. അബ്ദുള്ളക്കുട്ടി, കെ.അജിത്, ഐ.സി.ബാലകൃഷ്ണന്, കോവൂര്‍ കുഞ്ഞുമോന്, പുരുഷന് കടലുണ്ടി, സി.കെ.സദാശിവന്, എന്‍.ഷംസുദീന്‍, വി.ശശി, വി.എം.ഉമ്മര്‍, കെ.ജി. വിജയദാസ് തുടങ്ങി 10പേര് അടങ്ങുന്ന ഇടത്-വലത് നിയമസഭാസമാജികര്‍ ഉള്‍പ്പെടുന്നതാണ് പട്ടികവിഭാഗക്ഷേമനിയമസഭാസമിതി.
കേരളത്തിനുപുറമെ അന്യസംസ്ഥാനങ്ങളില്‍ പോയി കൃത്യമായ പഠനം നടത്തി കിട്ടുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി-വര്‍ഗ്ഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കണമെന്നതാണ് ചട്ടം. എന്നാല്‍ ചട്ടപ്രകാരമുള്ള ഒരു നടപടിയും കൈകൊള്ളാതെ കള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി കോടികളാണ് ഓരോ അംഗങ്ങളും ലക്ഷങ്ങളായി വീതംവച്ച് പോക്കറ്റിലാക്കിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. നിയമസഭാസമിതിയുടെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തോടുള്ള ഇത്തരം വഞ്ചനാപരമായ നടപടിക്കെതിരെ 29-ന് കോലഞ്ചേരിയില്‍ വൈകീട്ട് 5-ന് എസ്സി മോര്‍ച്ച കുന്നത്തുനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നതായി പ്രസിഡന്റ് പി.പി. മോഹനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: