മാവേലിക്കര: മേനാമ്പള്ളി സഹകരണസംഘം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് 11 അംഗങ്ങള്‍ ഏരിയ കമ്മറ്റിക്ക് രാജിക്കത്ത് നല്കി. 15 അംഗ ലോക്കല്‍ കമ്മറ്റിയില്‍ 11 പേരും രാജിവച്ചുള്ള കത്ത് ഏരിയ സെക്രട്ടറിക്ക് കൈമാറി. മേനാമ്പള്ളി സഹകരണസംഘം ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന് ഭാരവാഹി ശശിധരന്റെ പേര് ലോക്കല്‍ കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഈ യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളുടെ ഫ്രാക്ഷന് ലീഡറായ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം മറ്റൊരു ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ പേര് നിര്‍ദ്ദേശിച്ചു.
ലോക്കല്‍ കമ്മറ്റിയില്‍ ജില്ലാ കമ്മറ്റിയംഗം ഒഴികെ മറ്റുള്ളവരുടെ പൂര്‍ണ പിന്തുണയോടെയാണ് ശശിധരന്റെ പേര് ഏരിയ കമ്മറ്റിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ സഹകരണസംഘം ബോര്‍ഡംഗങ്ങള്‍ ലോക്കല്‍ കമ്മറ്റി തീരുമാനത്തിനെതിരെ ഏരിയ കമ്മറ്റിക്ക് പരാതി നല്കി.
തുടര്‍ന്ന് ബുധനാഴ്ച ഏരിയ കമ്മറ്റി സെക്രട്ടറി ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മറ്റി യോഗം വിളിച്ചുചേര്‍ത്തു. ഏരിയ സെക്രട്ടറി മധുസൂദനന്, ജില്ലാ കമ്മറ്റി അംഗങ്ങളായ മുരളി തഴക്കര, എ.മഹേന്ദ്രന് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ശശിധരനെ ആറ് മാസത്തേക്കും അടുത്ത ആറ് മാസത്തേക്ക് പുതിയ പ്രസിഡന്റിനെയും തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം വച്ചു. ഇതംഗീകരിക്കാതെ 13 ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പിന്നീട് ഇതില്‍ 11 പേര് രാജിക്കത്ത് നല്കി. ചെട്ടികുളങ്ങരയില്‍ സിപിഎമ്മില്‍ വിഭാഗീയ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെട്ടികുളങ്ങര പടിഞ്ഞാറ് ലോക്കല്‍ കമ്മറ്റിയില്‍ നടത്തിയ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നു. 236 പാര്‍ട്ടി അംഗങ്ങളില്‍ 27പേര് മാത്രമാണ് പങ്കെടുത്തത്. 15 ലോക്കല്‍ കമ്മറ്റിയംഗങ്ങളില്‍ രണ്ടുപേരും പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: