കായംകുളം: നഗരസഭ പരിധിയില്‍ അനുവദിച്ച നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് ക്ലിനിക്ക് കോണ്‍ഗ്രസ് പോരില്‍ കായംകുളത്തിന് നഷ്ടമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍നിന്ന് ജനസാന്ദ്രത കൂടിയ സ്ഥലത്ത് സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനെ കുറിച്ച് നേരത്തെ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്തെങ്കിലും എവിടെ സ്ഥാപിക്കണമെന്ന് ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കത്തിലാണ്. ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പടിഞ്ഞാറന്‍ മേഖലയിലും വടക്കന്‍ മേഖലയില്‍ ആവശ്യപ്പെട്ടപ്പോള്‍ മറുവിഭാഗം തെക്കുകിഴക്കന്‍ മേഖല പ്രദേശമായ പെരിങ്ങാലയില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഹെല്‍ത്ത് ക്ലിനിക്ക് തുടങ്ങുന്നതിന് തടസ്സമായിരിക്കുന്നത്. ഇതിനിടയില്‍ ഇത് ചേര്‍ത്തലയിലേക്ക് കൊണ്ടുപോകാനുള്ള നീക്കവും ചിലര്‍ നടത്തുന്നുണ്ട്.
രണ്ട് ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഫീല്‍ഡ് സ്റ്റാഫ്, ലാബ് എന്നിവയോടുകൂടിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ഇതിനുവേണ്ട സ്ഥലവും കെട്ടിടവും നഗരസഭയാണ് നല്‍കേണ്ടത്. അത് നല്കാന് കഴിയാതെ ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ ഇതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിക്കുകയാണ്. ഈ ഹെല്‍ത്ത് ക്ലിനിക്ക് കായംകുളത്തിന്റെ ജനസാന്ദ്രമായ സ്ഥലത്ത് വരുന്നതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും. ദിവസവും ആയിരത്തിലധികം പേരാണ് ചികിത്സ തേടി കായംകുളം ഗവ. ആശുപത്രിയില്‍ എത്തുന്നത്. ഹെല്‍ത്ത് ക്ലിനിക്ക് സ്ഥാപിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് നഗരസഭ കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: