എരുമേലി: വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി കൊണ്ടുവന്നത് ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കവുങ്ങുംകുഴിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മാലിന്യ സംസ്കരണപ്ലാന്റ് ഉപയോഗിക്കാനകാതെ കിടക്കുന്നതിനിടയിലാണ് മാലിന്യങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് സംസ്കരിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. കഴിഞ്ഞ കുറേ നാളുകളായി മാലിന്യങ്ങള്‍ ഇവിടെ സംസ്കരിച്ചിരുന്നുവെങ്കിലും പിന്നീട് അതും പ്രതിസന്ധിയിലായി. ഇതോടെ കവുങ്ങുംകുഴിയില്‍ തുറന്ന സ്ഥലത്ത് ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത് ജനജീവിതം ദുസ്സഹമാക്കി.
എന്നാല്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യലോറി തടഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് പ്രസിഡന്റ് അനിതാ സന്തോഷ് പറഞ്ഞു. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ കവുങ്ങുംകുഴിയില്‍ തന്നെ സംസ്കരിക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയായിരുന്നു. മാലിന്യം സംസ്കരിക്കാന്‍ ദിവസവും 15000 രൂപയാണ് കരാറുകാരന് ആവശ്യപ്പെടുന്നത്. ഇത്രയും വലിയ തുക തരാനാകില്ലെന്നും പഞ്ചായത്ത് കമ്മറ്റി ആലോചിച്ച് ചെയ്യാമെന്നും പറഞ്ഞുവെങ്കിലും പഞ്ചായത്തംഗം സമ്മതിച്ചില്ലെന്നും അവര്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനവേളയില്‍ മാലിന്യസംസ്കാരണം പ്രതിസന്ധിയിലായത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് കമ്മറ്റി തീരുമാനം മറികടന്ന് മാലിന്യം കയറ്റി വന്ന ലോറി തടഞ്ഞസംഭവം കരാറുകാരനെ സംരക്ഷിക്കാനുള്ള നടപടിയാണെന്ന് പ്രസിഡന്റ് ആരോപിച്ചു. കവുങ്ങുംകുഴിയില്‍ തള്ളിയ മാലിന്യങ്ങള്‍ സംരക്ഷിക്കാന്‍ പത്ത് ദിവസത്തിനകം പുതിയ ടെണ്ടര്‍ വിളിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: