കൊച്ചി: റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ഏഴാമതു വാര്‍ഷിക സൈക്കിള്‍ റാലി മൂന്നാറില്‍ സമാപിച്ചു. കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി 900 -ത്തില്‍ ഏറെ കിലോമീറ്ററാണ് 81 പേര് പങ്കെടുത്ത ഈ റാലി കടന്നു പോയത്. ബാംഗ്ലൂരില്‍ നിന്നാരംഭിച്ച് മൈസൂര്‍, ഊട്ടി, പാലക്കാട്, വാല്‍പ്പാറ വഴിയാണ് റാലി മൂന്നാറിലെത്തിയത്. വാല്‍പ്പാറ വഴിയുള്ള സോസ് പാന്‍ എന്ന പേരില്‍ വിളിക്കുന്ന 173 കിലോമീറ്റര്‍ റൂട്ടിലൂടെയായിരുന്നു മൂന്നാറിലേക്കുള്ള സമാപന റൈഡിങ്. പത്ത് വിദേശ സൈക്കിളിസ്റ്റുകള്‍, ഏഴു വനിതകള്‍ എന്നിവരും എട്ടു ദിവസത്തെ റാലിയില്‍ പങ്കെടുത്തിരുന്നു.
അഞ്ചു വന്യജീവി സങ്കേതങ്ങളിലൂടേയായിരുന്നു മോണ്ട്ര ടൂര്‍ ഓഫ് നീല്‍ഗിരീസ് 2014 ന്റെ യാത്ര. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്, തമിഴ്നാട്ടിലെ മുകുര്‍തി നാഷണല്‍ പാര്‍ക്ക്, ഇന്ദിരാ ഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ച്വറിയും നാഷണല്‍ പാര്‍ക്കും കേരളത്തിലെ ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നിവയിലൂടെയായിരുന്നു റാലി.
വിവിധ ഘട്ടങ്ങളിലായി വിവിധ മേഖലകളില്‍ നടത്തിയ മല്‍സര വിഭാഗങ്ങളായിരുന്നു റാലിയുടെ ഒരു സവിശേഷത. 40 കിലോമീറ്ററില്‍ ഏറാത്തതായിരുന്നു ഈ മല്‍സരങ്ങളെല്ലാം. 12 കിലോമീറ്ററിനുള്ളില്‍ 1200 മീറ്റര്‍ ഉയര്‍ച്ചയുള്ള കല്ഹാട്ടി കയറ്റമായിരുന്നു റാലിയിലെ ശ്രദ്ധേയമായ മേഖലകളിലൊന്ന്.
സൈക്കിള്‍ റാലിക്കൊപ്പം സാമൂഹ്യ സേവന സന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. വിദ്യോദയയ്ക്കു വേണ്ടിയുള്ള മഗേന്ദര് രാജശേഖരന്, യു.കെ.യിലെ സന്നദ്ധ സംഘടനയ്ക്കു വേണ്ടിയുള്ള പീറ്റര്‍ ബെറിഡ്ജ്, സിത ഭട്ടേജിയ ആശുപത്രിക്കു വേണ്ടിയുള്ള വിവേക് ഭട്ടേജ തുടങ്ങിയവരുടെ പങ്കാളിത്തം ഇത്തരത്തില്‍ ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: