കൊച്ചി: അങ്കമാലി മഞ്ഞപ്ര തട്ടുപാറയിലെ ജി.കെ ഗ്രാനൈറ്റ്സ്- ക്രിസ്റ്റല്‍ ഗ്രാനൈറ്റ്സ് കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ നിബന്ധനകളോടെ തുടരാന്‍ ഹൈക്കോടതി അനുമതി നല്കി.
ഖനനത്തിനെതിരെ ചില വ്യക്തികള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഹൈക്കോടതിക്കുമുന്പാകെ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ച് കമ്പനിക്ക് ഖനനം തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കി.
വകുപ്പിന്റെ മേല്‍നോട്ടത്തിലും, നിബന്ധനകള്‍ പാലിക്കുന്നുവോ എന്ന നിരീക്ഷണത്തിലും ഖനന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തടസമില്ല. വകുപ്പ് കോടതിയില്‍ നല്കിയ സത്യവാങ്മൂലം കണക്കിലെടുക്കുകയാണ്- ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
അടുത്തവര്‍ഷം മാര്‍ച്ച് 31നു മുന്‍പ് കമ്പനി പാരിസ്ഥിതിക അനുമതി കരസ്ഥമാക്കിയിരിക്കണം എന്നു മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിഷ്കര്‍ഷിക്കുന്നു.
എല്ലാ ആഴ്ചയും മൊത്തം ഉത്പാദന വിവരം ജില്ലാ ജിയോളജിസ്റ്റിനെ കമ്പനിയുടെ മൈന്‍സ് മാനേജര്‍ അറിയിച്ചിരിക്കണം, നിര്‍ദിഷ്ട പ്രദേശത്തു മാത്രമേ ഖനനം നടത്താവൂ, റവന്യൂ അധികൃതരുടെ സഹായത്തോടെ ഖനന പ്രദേശം തിട്ടപ്പെടുത്തണം, ഖനന പ്രദേശത്തിന്റെ സര്‍വേ മാപ്പ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നു തയാറാക്കണം എന്നിവയാണു വകുപ്പ് കോടതിക്കു നല്കിയ സത്യവാങ്മൂലത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റു നിബന്ധകള്‍.
കമ്പനിയുടെ തട്ടുപാറയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നുകാണിച്ചു ഹൈക്കോടതിക്കു കമ്പനി നല്കിയ ഉറപ്പും അതിനുള്ള ഉത്തരവും ഇനി പ്രാബല്യത്തില്‍ വരില്ലെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് സമാനമായ ഹര്‍ജികള്‍ 2015 ജനുവരി അവസാനവാരം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ കേസിലെയും ഉത്തരവെന്നു ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
കമ്പനിക്കു വേണ്ടി പി. ഗോപിനാഥ മേനോന്, എം. ഗോപാലകൃഷ്ണന് നമ്പ്യാര്‍, ബെന്നി പി. തോമസ്, ജോണ്‍ മത്തായി, ജോസണ്‍ മണവാളന്, കുര്യന് തോമസ് എന്നിവരും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷും കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: