കൊച്ചി: ഭാരതീയം 2014 സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ കേരള പോലീസ് പവലിയന് ജനശ്രദ്ധയാകര്‍ഷിക്കുന്നു. പോലീസ് സേനയുടെ സാമൂഹ്യസേവന സന്നദ്ധത, യൂണിഫോം ചരിത്രം, ആയുധബലം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണര്‍ത്തുകയാണ് പവലിയന്റെ ലക്ഷ്യം. ജനസേവനത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് ഈ പവലിയന്.
തിരുവിതാംകൂര്‍ രാജഭരണകാലം മുതല്‍ ഇന്നുവരെയുള്ള പൊലീസ് സേനയുടെ ഔദ്യോഗിക യൂണിഫോമിന്റെ ചരിത്രം വ്യക്തമാക്കുന്ന ഫോട്ടോപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ രാജാവിന്റെ കാവലാള്‍, പഴയ വനിതാപോലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ബോഡിഗാര്‍ഡ് എന്നിവരുടെ വേഷങ്ങളും പുതിയ കാഴ്ചയാണ്.
ജനമൈത്രി പൊലീസ്, നിര്‍ഭയ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്നീ പദ്ധതികളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഉതകുന്നതരം ഫോട്ടോ പ്രദര്‍ശനമാണ് മേളയുടെ മറ്റൊരു കേന്ദ്രബിന്ദു. സാധാരണ ജനങ്ങള്‍ കാണാതെ പോകുന്ന പൊലീസ് സേനയുടെ നന്മയുടെയും ഉത്തരവാദിത്വബോധത്തിന്റെയും നിയമങ്ങളെകുറിച്ച് പഠിക്കാനും, പാലിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പരിശീലനമുറ ഉള്‍ക്കൊണ്ട വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
പോലീസ് സേനയുടെ കരുത്ത് തുറന്നുകാട്ടുന്ന ആയുധപ്രദര്‍ശനം ശ്രദ്ധപിടിച്ചു പറ്റുന്നതാണ്. ലൈറ്റ് മെഷിന് ഗണ്‍, എ.കെ. 47, ആന്ട്രിയോട്ട് ഗണ്‍, ഇന്‍സാസ് റൈഫിള്‍, എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ വിദേശ നിര്‍മ്മിതവും അല്ലാത്തതുമായ ആയുധങ്ങളുടെ പ്രദര്‍ശനമുണ്ട്. കൂടാതെ ഇവയുടെ പ്രവര്‍ത്തനം വിശദീകരിച്ചുതരാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഇവിടെയുണ്ട്. പൊതുജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉളവാക്കിയിട്ടുള്ള സ്മോക് ഷെല്‍ (കണ്ണീര് വാതകം), ഡൈ മാര്‍ക്കര്‍ ഗ്രനേഡ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടി പ്രദര്സനം ഉപകരിക്കും.
പോലീസ് എന്നും ജനങ്ങളുടെ കൂടെയാണെന്നും ജനസേവകരായി നിലകൊള്ളാന്‍ താല്പര്യപ്പെടുന്നവരാണ് എന്നും തെളിയിക്കുന്നതാണ് ഈ പ്രദര്‍ശനമേള. സ്റ്റുഡന്റ് പോലീസ് കെഡറ്റ് പദ്ധതിയുള്പ്പടെയുള്ളവയുടെ ചുതല വഹിക്കുന്ന ഡി.സി.പി. റഫീക്കിന്റെ നേതൃത്വത്തിലാണ് പവലിയന് സജ്ജമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: