മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിനെതിരെ സിപിഎം ആഹ്വാനം ചെയ്തിരിക്കുന്ന സമരത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. ഫെസ്റ്റില്‍ അഴിമതി ആരോപണം ഉന്നയിച്ചാണ് സിപിഎം സമരം നടത്തുന്നത്. നഗരസഭയിലെ ഭൂരിപക്ഷം എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും സമരത്തിന് എതിരാണ്. ഇവര്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളിലും സമരവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭിന്നതയാണുള്ളത്. ഫെസ്റ്റിനെതിരെ സിപിഎം നടത്തിയ രണ്ടു സമരങ്ങളും പരാജയമായിരുന്നു. ഏരിയ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചരണ ജാഥയില്‍ പാര്‍ട്ടിയുടെ പ്രധാന ഭാരവാഹികള്‍ പോലും പങ്കെടുത്തില്ല. പല സ്ഥലത്തും സ്വീകരണം നല്കാന് പോലും ആളില്ലായിരുന്നു. തിങ്കളാഴ്ച നഗരസഭയിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചിലും പങ്കാളിത്തം കുറവായിരുന്നു. ഏരിയ കമ്മറ്റിയുടെ കീഴിലുള്ള ഒരു ലോക്കല്‍ കമ്മറ്റിയില്ന നിന്നും അമ്പതുപേരെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. ഒന്‍പത് ലോക്കല്‍ കമ്മറ്റികളാണ് ഉള്ളത്. ഇത്തരത്തില്‍ 450 പേര് പങ്കെടുക്കണം. എന്നാല്‍ നൂറോളം പേര് മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്.
ഏരിയകമ്മറ്റിയിലുള്ള രണ്ടുപേരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഫെസ്റ്റിനെതിരെ സമരം നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ജനപങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്കുന്നത് പാര്‍ട്ടിയെ ജനങ്ങളുടെ ഇടയില്‍ നിന്നും അകറ്റാന്‍ മാത്രമെ സഹായിക്കുകയുള്ളുവെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഫെസ്റ്റിന്റെ ബാക്കി തുക നിര്‍ധന രോഗികള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം ചെയര്മാന് നടപ്പാക്കിയില്ലെന്നും വിദേശത്തു നിന്നെത്തിയ തുകയുടെ കണക്ക് അവതരിപ്പിച്ചില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫെസ്റ്റിന്റെ കണ്‍വീനര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ജയിച്ച വിദ്യാധരന് ഉണ്ണിത്താനായിരുന്നു. സിപിഎം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വാഗതസംഘമാണ് ഫെസ്റ്റിനു ശേഷം കണക്ക് അവതരണം നടത്തി പാസ്സാക്കിയത്. അന്ന് പറയാതിരുന്ന അഴിമതിയാരോപണം സിപിഎം ഇപ്പോള്‍ ഉന്നയിക്കുന്നത് വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: