ശബരിമല: കലിയുഗവരദനെ വണങ്ങി അനുഗ്രഹം വാങ്ങാന്‍ കുരുന്നുകളെത്തി. പുല്ലാട് ശിവപാര്‍വ്വതി ബാലികാശ്രമം, പെരുന്നാട് ശബരിശരണാശ്രമം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികളായ 21 കുട്ടികളാണ് ശരണം വിളികളോടെ ദര്‍ശനത്തിനെത്തിയത്.
എന്‍.ജി രവീന്ദ്രന്, അമ്പോറ്റി കോഴഞ്ചേരി, അയ്യപ്പന്‍കുട്ടി ചെറുകോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെത്തിയത്. ഇന്നലെ ഉച്ചയോടെ സന്നിധാനത്ത് എത്തിയ കുട്ടികള്‍ ഉച്ചപൂജയ്ക്ക് ശേഷം അയ്യനെ ദര്‍ശിച്ച് നിര്‍വൃതിനേടി.
മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി കുരുന്നുകളുടെ കൈകളിലേക്ക് തീര്‍ത്ഥം നല്കി. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജിവവരെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷമാണ് മലയിറങ്ങിയത്.
12 മണികണ്ഠന്മാരും ഒന്‍പത് മാളികപ്പുറങ്ങളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മാലയിട്ടനാള്മുതല് കഠിനമായ വ്രതമാണ് കുട്ടികള്‍ അനുഷ്ഠിച്ച് വന്നിരുന്നത്. പുല്ലാട് ശിവപാര്‍വ്വതി ബാലികാസദത്തിലെകുട്ടികള് പുല്ലാടുള്ള അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കി പെരുനാട് ശബരിശരണാശ്രമത്തിലെത്തി അവിടെയുള്ള കുട്ടികളൊടൊപ്പമാണ് ദര്‍ശനത്തിനെത്തിയത്.
ഇരുമുടി കെട്ടുകളുമായി ദര്‍ശനം നടത്തിയകുട്ടികള് ശബരീശദര്ശനത്തില് മനം നിറഞ്ഞ് മലയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: