ആലപ്പുഴ: ഏറെക്കാലമായി സിപിഎമ്മില്‍ ഇരുചേരികളായി തിരിഞ്ഞുള്ള പോരാട്ടത്തില്‍ ഔദ്യോഗിക പക്ഷക്കാരനായ ഡിവൈഎഫ്ഐ ജില്ലാ നേതാവ്, സിപിഎം ജില്ലാ കമ്മറ്റിയംഗത്തെ മലര്‍ത്തിയടിച്ചു. സിപിഎം ആലപ്പുഴ ഏരിയ സമ്മേളനത്തിലാണു ജില്ലാ കമ്മറ്റി അംഗം നേതൃത്വം നല്കിയ വിഎസ്-ഐസക് പക്ഷം ദയനീയമായി തറപറ്റിയത്. ജില്ലാ കമ്മറ്റിയംഗത്തിന്റെ സ്വന്തം സഹോദരനെ പോലും മറുപക്ഷം വെട്ടിനിരത്തി. ഇതോടെ ഏറെ നാളുകളായി ആലപ്പുഴ ഏരിയ കമ്മറ്റിയെ നിയന്ത്രിച്ചിരുന്ന സഹോദരങ്ങള്‍ ഇത്തവണ ഏരിയ കമ്മറ്റിയില്‍ പോലും ഉള്‍പ്പെടാന്‍ കഴിയാതെ ദയനീയമായി ഒതുക്കപ്പെട്ടു. ജില്ലാ കമ്മറ്റിയംഗം ഒത്തുതീര്‍പ്പു സമവാക്യത്തിന്റെ പേരില്‍ ഏരിയ കമ്മറ്റിയില്‍ നിന്നു സ്വമേധയാ ഒഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ സഹോദരനെ മറുപക്ഷം മത്സരിച്ച് പരാജയപ്പെടുത്തുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം വരെയാകുമെന്നു പ്രചരിപ്പിക്കപ്പെട്ടിരുന്ന നേതാവിനും സഹോദരനുമാണ് ഈ ദുര്‍ഗതി.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ്, മണ്ണ് മാഫിയകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ചില യുവനേതാക്കള്‍ ഔദ്യോഗിക പക്ഷത്തിന്റെ തണലില്‍ ഏരിയ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതു വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വിഭാഗീയത വീണ്ടും ശക്തമായി തുടരുന്നതിന്റെ സൂചനയാണ്. സ്വന്തം തട്ടകമായ അരൂരിനു പുറമെ ഏറെക്കാലമായി വിഎസ്-ഐസക് പക്ഷത്തിനു സ്വാധീനമുണ്ടായിരുന്ന ആലപ്പുഴ ഏരിയയും കൈവിട്ടതോടെ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. വിഎസ്-ഐസക് പക്ഷക്കാരനായ മുതിര്‍ന്ന നേതാവ് പി.കെ. സോമനെ ഏഴിനെതിരെ 12 വോട്ടുകള്‍ക്ക് തോല്പിച്ചാണ് സുധാകര പക്ഷക്കാരനായ വി.ബി. അശോകന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ കൈവിട്ടത് തോമസ് ഐസക്കിനും തിരിച്ചടിയായി.
മത്സരമുണ്ടായതിനെ തുടര്‍ന്നു മാറ്റിവച്ച സമ്മേളനം വീണ്ടും നടത്തിയപ്പോഴും സുധാകര പക്ഷം മത്സരിക്കാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഔദ്യോഗിക പക്ഷ പാനലിലുണ്ടായിരുന്ന പി.പി. പവനന്, പി.വി. ജോസഫ്, കോട്ടക്കല്‍ വിശ്വനാഥന്, ഒ. അഷറഫ് എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ സുധാകര പക്ഷക്കാരായ എം.വി. ഹല്‍ത്താഫ്, എ.പി. സോണ, കെ.ജെ. പ്രവീണ്‍, ഗോപാലകൃഷ്ണന് നായര്‍ എന്നിവരാണു ഏരിയ കമ്മറ്റി അംഗങ്ങളായി വിജയിച്ചത്. ഇതോടെ കുട്ടനാട്, മാരാരിക്കുളം ഏരിയ കമ്മറ്റികള്‍ മാത്രമാണ് വിഎസ്-ഐസക് പക്ഷത്തിനു നേടാന്‍ കഴിഞ്ഞത്. ജി. സുധാകര പക്ഷം മൃഗീയ ഭൂരിപക്ഷം ഉറപ്പിച്ചാണ് ജില്ലാ സമ്മേളനത്തിനെത്തുക. കഞ്ഞിക്കുഴിക്ക് പിന്നാലെ ആലപ്പുഴയിലും ഏരിയ സമ്മേളനത്തെ സ്വാധീനിച്ചത് പണാധിപത്യമാണെന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: