ശബരിമല: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ സാങ്കേതിക, നിര്‍വഹണ രീതിയില്‍ മാറ്റംവരുത്തുമെന്ന് ഹൈപ്പവര്‍കമ്മിറ്റി ചെയര്മാന് കെ. ജയകുമാര്‍. ശബരിമല ദര്‍ശനം നടത്തിയശേഷമാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിലും പദ്ധതി നടപ്പാക്കുന്നതിലും വരുന്ന കാലതാമസം ഭക്തര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
നടപ്പാക്കിയ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ 30ന് ഹൈപവര്കമ്മിറ്റി തിരുവനന്തപുരത്ത് യോഗം ചേരും. ജനുവരി 17ന് കോട്ടയത്ത് നടക്കുന്ന യോഗത്തില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റിയും പ്രോജക്ട് തയാറാക്കുന്നതിനെപ്പറ്റിയും തീരുമാനമെടുക്കും. യോഗത്തിലെടുക്കുന്ന തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യും.
ഹ്രസ്വകാല പദ്ധതികള്‍ ഏറ്റെടുക്കുന്നതുകൊണ്ടോ നടപ്പാക്കുന്നതുകൊണ്ടോ യാതൊരു പ്രയോജനവുമില്ല. ദീര്‍ഘകാല പദ്ധതികള്‍ ഏറ്റെടുക്കണം. ദീര്‍ഘ വീക്ഷണമുള്ള പ്രോജക്റ്റുകള്‍ തയ്യാറാക്കണമെങ്കില്‍ കൂടുതല്‍ പണം വേണം. അതിന് സ്പോണ്‍സര്‍മാരെ കണ്ടെത്തണം. ഇതുവരെ രണ്ടു കോടി രൂപമാത്രമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്.
80 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സമഗ്രവികസനത്തിനായി കൂടുതല്‍തുക കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കണമെന്നാണ് കമ്മിറ്റി ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രോജക്ടുകള്‍ തയാറാക്കാനാണ് ആദ്യം ശ്രമിക്കുന്നത്. 2020ലെ ശബരിമല എന്ന ആശയം നടപ്പാകാന്‍ 300 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: