ഇരിട്ടി: കേരളാ കര്‍ണ്ണാടക അതിര്‍ത്തിയായ ബാരാപ്പോള്‍ പുഴയോട് ചേര്‍ത്തു കേരളത്തിന്റെ വനാതിര്‍ത്തിയില്‍ കേരളം നിര്‍മ്മിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള ജണ്ടകള്‍ തകര്‍ത്ത് കൊണ്ട് ഏക്കറുകള്‍ വരുന്ന വനഭൂമി കൈക്കലാക്കാനുള്ള കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പിന്റെ നടപടി തുടരുന്നു.
ഈ പ്രദേശത്തു ഏകദേശം നൂറ് മീറ്റര്‍ നിളത്തിലും അഞ്ച് മീറ്ററോളം വീതിയിലും ജെസിബി ഉപയോഗിച്ചുകൊണ്ട് വന്‍ കിടങ്ങ് തീര്‍ത്തുകൊണ്ടിരിക്കയാണ്. വ്യാഴാഴ്ചയാണ് കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പ് കിടങ്ങ് കീറുന്ന ജോലി ആരംഭിച്ചത്. ഉച്ചയോടെ വിവരമറിഞ്ഞ നാട്ടുകാരും റവന്യൂ അധികൃതരും പോലീസും ചേര്‍ന്ന് ഏറെ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് ജോലി നിര്‍ത്തി വെപ്പിച്ചത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും എത്തിയ കര്‍ണ്ണാടക ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ സംഘം കേരളത്തിന്റെ റവന്യൂ അധികൃതരുമായി ഏറെ നേരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
കേരളത്തിന്റെ പുഴയായ ബാരാപ്പോള്‍ അടക്കമുള്ള പ്രദേശങ്ങള്‍ രേഖവെച്ചു തങ്ങളുടെതാണെന്ന് കര്‍ണ്ണാടകം വാദിച്ചു. എന്നാല്‍ കേരളത്തിന്റെ ഉദ്യോഗസ്ഥ സംഘത്തിന്റെ കൈവശം യാതൊരു രേഖയും ഇല്ലായിരുന്നു. ഒടുവില്‍ കേരളത്തിന്റെ രേഖകള്‍ വെച്ച് സംസാരിക്കാമെന്ന തീര്പ്പിന്മേല് ജനുവരി അഞ്ചുവരെ ജോലികള്‍ നിര്‍ത്തിവെക്കാന്‍ കര്‍ണ്ണാടകം തീരുമാനിച്ചു.
ഇതോടെ കോടികള്‍ മുടക്കി കേരളം നിര്‍മ്മിക്കുന്ന ബാരാപ്പോള്‍ ജലവൈദ്യുതപദ്ധതി കര്ണ്ണാടകത്തിന്റെതാകുമോ എന്ന സംശയം ഉയര്‍ന്നു. ഈ മേഖലയില്‍ താമസിക്കുന്ന എട്ടോളം കുടുംബങ്ങളും ഒഴിഞ്ഞു പോവേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: