മണര്‍കാട്: പരമ്പരാഗത ആചാരപ്രകാരം മണര്‍കാട് സംഘം കാനനപാതയിലൂടെ ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ടു. മണര്‍കാട് ഭഗവതി ക്ഷേത്രത്തിലെ ധര്‍മ്മശാസ്താ ക്ഷേത്ര നടയില്‍ ഇന്നലെ രാവിലെ ഇരുമുടികെട്ടുനിറച്ചാണ് യാത്ര ആരംഭിച്ചത്.
എരുമേലി, അഴുത, കരിമല, വലിയാനവട്ടം, ചെറിയാനവട്ടംവഴി ഇന്ന് വൈകിട്ട് സംഘം പമ്പയിലെത്തും. ഇവിടെതങ്ങി പമ്പസദ്യയും നടത്തി നാളെ രാവിലെ സന്നിധാനത്തെത്തും.
ഉച്ചപൂജ സമയത്ത് സര്വ്വപ്രായശചിത്വം ചൊല്ലി ദേശവഴികളില്‍ ഭക്തജനങ്ങള്‍ അര്‍പ്പിച്ച കാണിക്ക നീലപ്പട്ടില്പൊതിഞ്ഞ് ഭഗവാന് സമര്‍പ്പിക്കും.
തന്ത്രിയില്‍ നിന്നും തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ച് അയ്യപ്പദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ മണര്‍കാട് ശാസ്താ ക്ഷേത്രത്തില്‍ തിരികെയെത്തി പള്ളിക്കെട്ടുകള്‍ സമര്‍പ്പിക്കുന്നതോടെ ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് സമാപനമാകും.
ഭഗവതി ക്ഷേത്രത്തിന്റെ ദേശവഴികളില്പെട്ടവരാണ് വൃശ്ചികം ഒന്നുമുതല്‍ വ്രതമെടുത്ത് ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നത്. ഈവര്‍ഷം 63അയ്യപ്പന്മാരാണ് സംഘത്തിലുള്ളത്.
പെരിയസ്വാമിമാരായ സി.എസ്.രാജപ്പന്, ആര്.രവി മനോഹര്‍ എന്നിവരും ഭഗവതി ദേവസ്വം ഭരണസമിതി ഭാരവാഹികളായ എം.എന്‍.ശശീന്ദ്രന്, ബാലകൃഷ്ണവാര്യര്‍ എന്നിവരടക്കമുള്ളവരാണ് മണര്‍കാട് സംഘത്തിലുള്ളത്.
ദേവസ്വം പ്രസിഡന്റ് നാരായണന് ഇളയത്, സെക്രട്ടറി അനില്‍കുമാര്‍, ഭരണസമിതിയംഗങ്ങളടക്കം ഭക്തജനാവലി കെട്ടുനിറയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: