മാധുരി ദീക്ഷിത്, നടന-നാട്യവൈഭവംകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേത്രി. അസാധാരണമായ മെയ് വഴക്കത്തോടെ അവര്‍ സിനിമയിലും പൊതുവേദികളിലും ചുവടുകള്‍ വച്ചപ്പോള്‍ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചിരിക്കാം.
തേസാബിലെ ഏക് ദോ തീന് എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് ആസ്വാദകരെ ത്രസിപ്പിച്ച മാധുരി ഇന്നും അതേ ആവേശം തന്നെയാണ് പ്രേക്ഷകരിലേക്ക് പകരുന്നതും. തന്റെ ചുവടുകള്‍ക്കൊപ്പം ചുവടുകള്‍ വയക്കുന്നതിന് മാധുരി നൃത്തത്തെ പ്രണയിക്കുന്ന ഏവരേയും ക്ഷണിക്കുകയാണ്.
പ്രായഭേദമില്ലാതെ ആര്‍ക്കും മാധുരിയില്‍ നിന്നും നൃത്തം പഠിക്കാം. അത് നേരിട്ടല്ലെന്നുമാത്രം. ഓണ്‍ലൈനിലൂടെ. മാധുരി ഈ ഓണ്‍ലൈന്‍ ഡാന്‍സ് അക്കാദമിക്ക് തുടക്കം കുറിച്ചിട്ടിപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി. 167 രാജ്യങ്ങളിലായി പതിനായിരത്തിലേറെപ്പേരാണ് മാധുരിയില്‍ നിന്നും ഓണ്‍ലൈനിലൂടെ നൃത്തം പഠിക്കുന്നത്.
നൃത്തം പ്രായ-ലിംഗ ഭേദമന്യെ ആര്‍ക്കും പഠിക്കാം എന്നതാണ് മാധുരിയുടെ കാഴ്്ചപ്പാട്. മൂന്നാം വയസ്സില്‍ തുടങ്ങിയതാണ് മാധുരിയുടെ നൃത്ത സപര്യ. നൃത്തത്തോളം മാധുരിയെ മറ്റൊന്നും ആനന്ദിപ്പിക്കുന്നുമില്ല. നൃത്തത്തോട് അഭിനിവേശമുള്ളവര്ക്കുവേണ്ടി
www.dancewithmadhuri.com എന്ന വെബ്സൈറ്റ് വഴിയാണ് മാധുരി പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് ഓരോ പാട്ടിനനുസരിച്ചുമുള്ള നൃത്തത്തിന്റെ ചുവടുകള്‍ ഓണ്‍ലൈനിലൂടെ മാധുരി വിശദീകരിക്കും.
ആര്‍ക്കും എവിടെ നിന്നുവേണമെങ്കിലും അവരുടെ സൗകര്യം അനുസരിച്ച്, ഇഷ്ടമുള്ള സമയത്ത് നൃത്തം പഠിക്കാം. ഓണ്‍ലൈനിലൂടെ നൃത്തത്തിന്റെ വിശാലലോകമാണ് മാധുരി ആസ്വാദകര്‍ക്കായി തുറന്നിരിക്കുന്നത്. ഫേസ്ബുക്ക്, യാഹൂ, ജി-മെയില്‍ എന്നിവയിലൂടെ നൃത്തം അഭ്യസിക്കാം. ആന്‍ഡ്രോയ്ഡ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള് ഇവയിലേതെങ്കിലും ഉണ്ടെങ്കിലും മാധുരിയുടെ നൃത്തച്ചുവടുകള്‍ നിങ്ങള്‍ക്കരികിലേക്കെത്തും.
വീഡിയോ നോക്കി നൃത്തം അഭ്യസിക്കുകമാത്രമല്ല, ഓരോരുത്തര്‍ക്കും സ്വന്തം നൃത്ത വീഡിയോ അപ്ലോഡ് ചെയ്യുന്നതിനും സാധിക്കും, നൃത്തം ക്ലാസിക്കലോ, വെസ്റ്റേണോ, ബോളവുഡ് സ്റ്റൈലോ എന്തുമാവട്ടെ അതെല്ലാം ഒരുകുടക്കീഴിലെന്നപോലെ ഓണ്‍ലൈനിലൂടെ കൊടുക്കാന്‍ സാധിക്കണമെന്നതാണ് മാധുരിയുടെ ആഗ്രഹം. ഇപ്പോഴത്തെ ഓണ്‍ലൈന്‍ ഡാന്‍സ് അക്കാദമി കൂടുതല്‍ പുതുമകളോടെ നവീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് മാധുരി ദീക്ഷിത്.
പ്രശസ്ത കഥക് നര്ത്തകന് ബിര്‍ജു മഹാരാജ്, കൊറിയോഗ്രാഫറായ സരോജ് ഖാന് തുടങ്ങിയവരും മാധുരിക്കൊപ്പം ഓണ്‍ലൈന്‍ നൃത്തവിദ്യാര്ത്ഥികള്ക്കായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ഇനിയിപ്പോള്‍ നൃത്തം പഠിച്ച് വേദിയില്‍ അവതരിപ്പിക്കണമെന്നൊന്നും ആഗ്രഹമില്ലാത്തവര്‍ക്കും അല്ലെങ്കില്‍ അതിനോട് വിമുഖതയുള്ളവര്‍ക്കും നൃത്തത്തോട് അടങ്ങാത്ത പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും എല്ലാം ധൈര്യമായി മാധുരിക്കൊപ്പം ചുവടുകള്‍ വയ്ക്കാം.
നൃത്തം നല്ലൊരു വ്യായാമം എന്നതിലുപരി മനസന്തോഷവും പ്രദാനം ചെയ്യുമല്ലോ. വെറുതെയിരുന്ന് ബോറടിച്ചുവെന്ന് പറയുന്നവര്‍ക്ക്, പ്രശസ്ത ചിത്രകാരന് എം.എഫ്.ഹുസൈന്റെ പോലും ഹൃദയം കീഴടക്കിയ മാധുരി ദീക്ഷിതിന്റെ കീഴില്‍ നൃത്തം അഭ്യസിക്കാമല്ലോ.
കാര്‍ഡിയോവാസ്കുലര്‍ എന്‍ആര്‍ഐ സര്‍ജനായ ഡോ.ശ്രീറാം നെനെയാണ് മാധുരിയുടെ ഭര്‍ത്താവ്. മാധുരിക്ക് വേണ്ടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സജ്ജമാക്കിയതും നെനെയാണ്. ഓണ്‍ലൈന്‍ അക്കാദമിയുടെ സാങ്കേതിക ഭാഗമാണ് ശ്രീറാം നെനെ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: