കൊച്ചി: ദേശീയ ഗയിംസിന് കൊച്ചിയില്‍ കായികതാരങ്ങളും പരിശീലകരും ഉള്‍പ്പടെ രണ്ടായിരത്തോളം പേരാണ് എത്തുന്നത്. ഇവര്‍ക്ക് താമസിക്കാനും മറ്റുമായി കൊച്ചിയില്‍ സ്ഥലങ്ങള്‍ തയ്യാറായിവരുന്നു.
ഒമ്പതിനങ്ങളിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മത്സരം നടക്കുന്നത്. ജനുവരി 30ന് താരങ്ങളും സംഘങ്ങളും കൊച്ചിയിലെത്തിത്തുടങ്ങും. ഇതിനുമുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് മന്ത്രി കെ. ബാബു അദ്യക്ഷനും ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം സെക്രട്ടറിയുമായുള്ള ജില്ലാതല സംഘാടക സമതി.
ആര്‍ച്ചറി മല്‍സരം സംഘടിപ്പിക്കുന്നത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ നടക്കുന്ന മല്‍സരത്തില്‍ ആണ്‍പെണ്‍ വിഭാഗങ്ങളിലായി 168 വീതം കായിക താരങ്ങളാണ് മാറ്റുരയ്ക്കുക. പരിശീലകരും മാനേജര്‍മാരും മറ്റ് സാങ്കേതിക വിദഗ്ധരും ഉള്‍പ്പടെ 433 പേരാണ് ഇതിനായി കൊച്ചിയിലെത്തുന്നത്. ഒമ്പതുദിവസം നീണ്ടുനില്‍ക്കുന്നതാണ് മത്സരം.
നെടുമ്പാശേരി സിയാല്‍ ട്രേഡ്ഫെയര്‍ സെന്ററില്‍ ഫെന്‍സിങും ഗോള്‍ഫ് കോഴ്സില്‍ ലോണ്‍ ബൗള്സുമാണ് മല്സരയിനങ്ങള്. കായികതാരങ്ങളുള്‍പ്പടെ 342 പേരാണ് ഫെന്‍സിങില്‍ പങ്കെടുക്കുന്നത്. ലോണ്‍ ബൗള്‍സില്‍ പരിശീലകരും സാങ്കേതികവിഭാഗവും ഉള്‍പ്പടെ 152 പേര് പങ്കെടുക്കും. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് മല്‍സരങ്ങളാണ് സംഘടിപ്പിക്കുക.
ബാഡ്മിന്റണില്‍ 112 പുരുഷന്മാരും 88 വനിതകളും ഉള്‍പ്പടെ 200 കായികതാരങ്ങള്‍ ഉള്‍പ്പടെ 317 അംഗ സംഘമാണ് കൊച്ചിയിലെത്തുന്നത്. ടേബിള്‍ ടെന്നീസില്‍ ആണ്‍പെണ്‍ വിഭാഗങ്ങളിലായി 64 വീതം കായികതാരങ്ങള്‍ ഉള്‍പ്പടെ 210 പേരാണ് മല്സരത്തിനായെത്തുന്നത്. ഏറ്റവും കുറവ് കായിക താരങ്ങള്‍ പങ്കെടുക്കുന്ന യാട്ടിങ് മുനമ്പം ബീച്ചിലാണ് നടത്തുന്നത്. അഞ്ചുദിവസത്തെ മല്‍സരത്തിനായി 75 അംഗ സംഘമാണ് മുനമ്പത്തെത്തുക.
ജില്ലയില്‍ ഗയിംസ് നടത്തിപ്പിനായി ജനപ്രതിനിധികള്‍, കായിക താരങ്ങള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടകസമതിക്കു രൂപം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഉര്ജസ്വലമാക്കുന്നതിന് വിവിധ ഉപസമതികളും പ്രവര്‍ത്തിച്ചുവരുന്നു. ഒളിമ്പ്യന്മാരായ ഒ.ചന്ദ്രശേഖര്‍, ടി.സി.യോഹന്നാന്, മേഴ്സിക്കുട്ടന്‍, എം.ഡി.വല്‍സമ്മ എന്നിവര്‍ കായികതാരങ്ങളുടെ പ്രതിനിധികളായി ജില്ലാതല സംഘാടകസമതിയിലുണ്ട്. തിങ്കഴാഴ്ചക്കകം വിവിധ ഉപസമതികള്‍ യോഗം ചേര്‍ന്ന് പരിപാടികളുടെ നടത്തിപ്പിന് അന്തിമരൂപം നല്‍കും.
ഉപസമതികളുടെ പ്രവര്‍ത്തനം വാരാന്ത്യത്തില്‍ ജനറല്കണ്വീനറായ ജില്ല കളക്ടറും സെക്രട്ടറിയായ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ മുഹമ്മദ് റഫീഖും വിലയിരുത്തും.
കൊച്ചിമേയര്‍ ടോണി ചമ്മണി അധ്യക്ഷനായി സ്വീകരണസജ്ജീകരണ സമതി, ജില്ല സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് വി.എ.സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി അക്രഡിറ്റേഷന് സമതി, ടി.യു.കുരുവിള എം.എല്‍.എ. അധ്യക്ഷനായി ഭക്ഷണസമതി, സാജുപോള്‍ എം.എല്‍.എ. അധ്യക്ഷനായി ഗതാഗതസമതി, ലൂഡി ലൂയീസ് എം.എല്‍.എ. അധ്യക്ഷനായി സുരക്ഷസമതി, വി.പി.സജീന്ദ്രന് എം.എല്‍.എ. അധ്യക്ഷനായി ആരോഗ്യസമതി, ഡൊമനിക് പ്രസന്റേഷന് എം.എല്‍.എ. അധ്യക്ഷനായി സാംസ്കാരിക സമതി, ജോസഫ് വാഴയ്ക്കന് എം.എല്‍.എ.അധ്യക്ഷനായി സാമ്പത്തികസമതി എന്നിവയ്ക്കു രൂപം നല്‍കിയിട്ടുണ്ട്.
ഇതിനു പുറമെ കായികയിനങ്ങള്‍ അരങ്ങേറുന്ന വേദികള്‍ കേന്ദ്രീകരിച്ച് വേദി സമതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കടവന്ത്ര റീജിണല്‍ സ്പോര്‍ട്സ് സെന്റര്‍ വേദിയില്‍ ഹൈബി ഈഡന് എം.എല്‍.എ.യാണ് അധ്യക്ഷന്‍. രാജ്യാന്തരതാരം ബീന ചാക്കോയാണ് ഈ വേദിയുടെ കണ്‍വീനര്‍. കലൂര്‍ രാജ്യാന്തരസ്റ്റേഡിയത്തിലെ വേദിയുടെ ചെയര്മാന് ബെന്നി ബഹനാന് എംഎല്‍എയും കണ്‍വീനര്‍ ജില്ല ആര്‍ച്ചറി അസോസിയേഷന് പ്രസിഡന്റ് ടി.ജെ.വിനോദുമാണ്.
സിയാല്‍ ട്രേഡ്സെന്റര്‍ വേദിയില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ചെയര്‍മാനും നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ജോസഫ് കണ്‍വീനറുമാണ്. ഗോള്‍ഫ് ക്ലബ് വേദിയുടെ അധ്യക്ഷന്‍ വി.ഡി.സതീശന് എം.എല്‍.എ.യും കണ്‍വീനര്‍ സിയാല്‍ സീനിയര്‍ മാനേജര്‍ ജോര്‍ജ് എലഞ്ഞിക്കലുമാണ്. എസ്.ശര്‍മ എം.എല്‍.എ.യാണ് മുനമ്പം വേദിയുടെ അധ്യക്ഷന്‍. നീന്തല്‍ പരിശീലകന് കെ.അനില്‍കുമാറാണ് കണ്‍വീനര്‍. വിവിധ ഉപസമതികള്‍ ഈമാസം 23നകം യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: